KeralaNEWS

വീണ്ടും മഴ തുടങ്ങുന്നു; മൺസൂൺ പാത്തിയിൽ മാറ്റം, സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ, മിതമായ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ ഹിമാലയൻ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന മൺസൂൺ പാത്തി ഓഗസ്റ്റ് പതിനെട്ടോടെ തെക്ക് ഭാഗത്തേക്ക്‌ മാറി സാധാരണ സ്ഥാനത്ത് എത്താനാണ് സാധ്യത. ഓഗസ്റ്റ് പതിനെട്ടോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കും.

അതേസമയം നിലവിൽ കേരളത്തിൽ എവിടെയും ശക്തമായ മഴ മുന്നറിയിപ്പുകളില്ല. ഇന്നു മുതൽ 20-ാം തീയ്യതി വരെ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. അതേസമയം കേരള – കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Signature-ad

പ്രത്യേക ജാഗ്രതാ നിർദേശം

വ്യാഴാഴ്ച മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വ്യാഴാഴ്ച ഈ പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

ഉയർന്ന തിരമാല ജാഗ്രത നിർദേശം

തെക്കൻ തമിഴ്‌നാട് തീരത്ത് ബുധനാഴ്ച രാത്രി 11.30 വരെ 0.5 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

  • കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  • മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  • ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

Back to top button
error: