KeralaNEWS

നാമജപയാത്രക്കെതിരായ കേസ് പിന്‍വലിക്കാന്‍ നീക്കം; എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ ഇടതു സര്‍ക്കാരിന്റെ നീക്കം. സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചു എന്‍എസ്എസ് തിരുവനന്തപുരത്തു നടത്തിയ നാമജപ ഘോഷയാത്രയ്ക്ക് എതിരെ എടുത്ത കേസ് എഴുതിത്തള്ളാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. എന്‍എസ്എസ് നടത്തിയ ജാഥയ്ക്കു ഗൂഢലക്ഷ്യമില്ലെന്നു റിപ്പോര്‍ട്ട് നല്‍കും. നിയമോപദേശത്തിനു ശേഷമായിരിക്കും പോലീസിന്റെ തുടര്‍നടപടി.

ഷംസീറിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചു ഓഗസ്റ്റ് രണ്ടിനാണ് എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍ തലസ്ഥാനത്തു നാമജപഘോഷയാത്ര നടത്തിയത്. പാളയം ഗണപതിക്ഷേത്രത്തിനു മുന്നില്‍നിന്നു പഴവങ്ങാടി ഗണപതിക്ഷേത്രത്തിനു മുന്നിലേക്കായിരുന്നു നാമജപയാത്ര. തിരുവനന്തപുരം താലൂക്ക് യൂണിയനിലെ 175 കരയോഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണു പങ്കെടുത്തത്.

Signature-ad

തുടര്‍ന്ന് എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത്കുമാറിനെ ഒന്നാം പ്രതിയാക്കി, കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. യാത്രയ്ക്കു മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ല, പോലീസ് നിര്‍ദേശം ലംഘിച്ച് അന്യായമായി സംഘം ചേര്‍ന്നു, അനുമതിയില്ലാതെ മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിച്ചു, കാല്‍നടയാത്രക്കാര്‍ക്കും വാഹനഗതാഗതത്തിനും തടസ്സമുണ്ടാക്കി എന്നിങ്ങനെയായിരുന്നു കന്റോണ്‍മെന്റ് പോലീസിന്റെ എഫ്‌ഐആറില്‍ പറയുന്ന കുറ്റങ്ങള്‍.

Back to top button
error: