പത്തനംതിട്ട:പോലീസ് സേനയ്ക്ക് നാഥനില്ലാതായിട്ട് രണ്ടാഴ്ച.എസ്പി കസേരയ്ക്കായി ഐപിഎസ്സുകാരുടെ ചരടുവലികളാണ് നിയമനം വൈകാൻ കാരണമെന്നാണ് സൂചന.
സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതോടെ ഓഗസ്റ്റ് മൂന്നിന് ജില്ലാ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് സ്വപ്നില്‍ എം മഹാജൻ പോയതോടെയാണ് ജില്ല നാഥനില്ലാക്കളരിയിലായത്.കോട്ടയം എസ്പി കാര്‍ത്തിക്കിനാണ് നിലവിൽ ജില്ലയുടെ അധിക ചുമതല.
അടുത്തിടെ ഐപിഎസ് കിട്ടിയ ഉദ്യോഗസ്ഥരില്‍ പലരും എസ്പി സ്ഥാനത്തിനായി ചരടുവലികള്‍ നടത്തുന്നുണ്ട്. മുൻപ് ജില്ലയില്‍ എസ്പി ആയിരുന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും, ഒരുവട്ടം ജില്ലാ പോലീസ് മേധാവി സ്ഥാനം ലഭിച്ചാല്‍ കൊള്ളാമെന്ന ആഗ്രഹമുണ്ട്. ഭരണ തലത്തില്‍ സമ്മര്‍ദ്ദങ്ങള്‍ പലതാകുമ്ബോള് തീരുമാനം വൈകുമെന്നാണ് സേനയിലെ അടക്കം പറച്ചില്. കേരളം നടുങ്ങുന്ന ക്രിമിനകല്‍ കേസുകളാണ് ഓരോ ദിവസവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ ദുരൂഹമരണമടക്കം കേസുകളില്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഭരണനിര്‍വഹണത്തിന് പുറമെ, അന്വേഷണങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതിലും സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിലും പൂര്‍ണ്ണചുമതലയുള്ള എസ്പി ആവശ്യമാണെന്ന് ഡിവൈഎസ്പിമാരടക്കം ചൂണ്ടിക്കാട്ടുന്നു.