കൊളംബോ: ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞ് ശ്രീലങ്കൻ ഓൾറൗണ്ടർ വാനിന്ദു ഹസരങ്ക. നിശ്ചിത ഓവർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹസരങ്ക ലോംഗ് ഫോർമാറ്റിൽ നിന്ന് വിരമിക്കുന്നത്. 26 വയസാണ് താരത്തിന്റെ പ്രായം. ഹസരങ്കയുടെ തീരുമാനം ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അംഗീകരിച്ചു. നാല് ടെസ്റ്റുകളിൽ മാത്രമാണ് ഹസരങ്ക കളിച്ചത്. 2020ലായിരുന്നു അരങ്ങേറ്റം. 2021 ഓഗസ്റ്റിലാണ് ഹസരങ്ക അവസാന ടെസ്റ്റ് കളിച്ചത്. അടുത്ത കാലത്ത് ലങ്കയുടെ ടെസ്റ്റ് പദ്ധതികളിൽ ഹസരങ്ക ഉണ്ടായിരുന്നില്ല.
നിശ്ചിത ഓവർ ക്രിക്കറ്റിൽ ലങ്കയുടെ തകർപ്പൻ ഫോമിലാണ് ഹസരങ്ക. 2017ൽ അ്ദ്ദേഹം ശ്രീലങ്കൻ ജേഴ്സിയിൽ അരങ്ങേറി. പിന്നീട് ഏകദിന – ടി20 ഫോർമാറ്റിൽ സ്ഥിരം സാന്നിധ്യമായിരുന്നു താരം. 48 ഏകദിന മത്സരങ്ങളും 58 ടി20 മത്സരങ്ങളും താരം ടീമിനായി കളിച്ചു. 158 വിക്കറ്റുകളും 1365 റൺസും രണ്ട് ഫോർമാറ്റിൽ നിന്നുമായി നേടി. ഇത്തവണ ഏകദിന ലോകകപ്പിൽ ശ്രീലങ്ക യോഗ്യത നേടുമ്പോൾ താരത്തിന്റെ സംഭാവന വലുതായിരുന്നു. 22 വിക്കറ്റുകൾ വീഴ്ത്തിയ താരം വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്തി. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമാണ് ഹസരങ്ക.
ലോകകപ്പ് യോഗ്യതയിൽ അവസാന മത്സരത്തിൽ അയർലൻഡിനെയാണ് ശ്രീലങ്ക തോൽപ്പിച്ചത്. ലങ്ക വച്ചുനീട്ടിയ 326 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡ് 31 ഓവറിൽ 192 റൺസിൽ എല്ലാവരും പുറത്തായി. 133 റൺസിന്റെ കൂറ്റൻ ജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. മത്സരത്തിൽ ഹസരങ്ക അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. ആൻഡി മക്ബ്രെയ്ൻ (21 പന്തിൽ 17), ആൻഡ്രൂ ബാൽബിർനീ (13 പന്തിൽ 12), ഹാരി ടെക്ടർ (35 പന്തിൽ 33), കർട്ടിസ് കാംഫെർ(31 പന്തിൽ 39), ജോർജ് ഡോക്റെൽ (34 പന്തിൽ 26*), ഗാരെത് ഡെലനി (8 പന്തിൽ 19), ജോഷ്വ ലിറ്റിൽ(14 പന്തിൽ 20) എന്നിവരാണ് രണ്ടക്കം കണ്ടത്.
സൂപ്പർ താരം പോൾ സ്റ്റിർലിംഗ് ആറ് റൺസുമായി മടങ്ങി. ഹസരങ്കയുടെ അഞ്ചിന് പുറമെ മഹീഷ് തീക്ഷന രണ്ടും രാജിതയും ലഹിരുവും ശനകയും ഓരോ വിക്കറ്റും നേടി. ലങ്കയ്ക്ക് പുറമെ സ്കോട്ലൻഡും ഒമാനും ബി ഗ്രൂപ്പിൽ നിന്ന് സൂപ്പർ സിക്സിലെത്തി. സിംബാബ്വെയും നെതർലൻഡ്സും വെസ്റ്റ് ഇൻഡീസുമാണ് എ ഗ്രൂപ്പിൽ നിന്ന് അടുത്ത റൗണ്ടിലേക്ക് യോ?ഗ്യത നേടിയവർ.