തിരുവനന്തപുരം: ബൈക്ക് അഭ്യാസങ്ങള്‍ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഇന്‍സ്റ്റാഗ്രാം താരമടക്കം രണ്ടുപേര്‍ തിരുവല്ല മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായി. രൂപമാറ്റം വരുത്തിയ ബൈക്കുകളില്‍, നമ്പര്‍ പ്ലേറ്റുകള്‍ മാസ്‌ക് ഉപയോഗിച്ച് മറച്ച് ചീറിപ്പായുന്നതിനിടയിലാണ് സംഘത്തെ പിടികൂടിയത്.
ഇന്‍സ്റ്റാഗ്രാം താരവും തിരുവനന്തപുരം സ്വദേശിയുമായ അരുണ്‍, ആലപ്പുഴ സ്വദേശി വിനേഷ് എന്നിവരാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ പിടിയിലായത്. അരുണിന്റെ ബൈക്കിന്റെ മുന്‍വശത്തെയും പിന്‍വശത്തെയും നമ്പര്‍ പ്ലേറ്റുകള്‍ കറുത്ത മാസ്‌ക് ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു. പിടികൂടിയ രണ്ട് ബൈക്കുകളും സൈലന്‍സറില്‍ അടക്കം രൂപമാറ്റം വരുത്തിയിരുന്നെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലീസിന്റെയും പരിശോധനകളില്‍ നിന്നും പലവട്ടം രക്ഷപ്പെട്ട അരുണിനെ ഏറെ നാളത്തെ നിരീക്ഷണത്തിനു ശേഷമാണ് പിടികൂടിയത്. ഇരുവാഹനങ്ങള്‍ക്കുമായി മോട്ടോര്‍ വാഹന വകുപ്പ് 26,000 രൂപ പിഴ ചുമത്തി. അരുണിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് നടപടി ആരംഭിച്ചെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. പോലീസിനെയും എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെയും കബളിപ്പിച്ച് ബൈക്കുകളില്‍ അഭ്യാസപ്രകടനം നടത്തുന്നവരെ പിടികൂടാന്‍ ഓപ്പറേഷന്‍ റേസ് കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.