കൊച്ചി: സെന്റ് മേരീസ് ബസിലിക്കയിലെ സംഘര്‍ഷത്തില്‍ കണ്ടാല്‍ അറിയാവുന്ന 100 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സെന്‍ട്രല്‍ പോലീസ് ആണ് കേസെടുത്തത്. അന്യായമായ സംഘം ചേരല്‍, പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പള്ളിക്ക് നാശനഷ്ടം വരുത്തല്‍ തുടങ്ങി വിവിധ വകുപ്പുകളില്‍ ആണ് കേസ്.
അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ ഒരു വിഭാഗം ഇന്ന് കുര്‍ബാന അര്‍പ്പിക്കും. വൈകിട്ട് നാലുമണിക്കാണ് കുര്‍ബാന. അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും ഏകീകൃത കുര്‍ബാനയ്‌ക്കെതിരായ പ്രമേയം പള്ളിക്ക് മുന്നില്‍ അവതരിപ്പിക്കും. കഴിഞ്ഞ ദിവസമാണ് കനത്ത പോലീസ് കാവലിനിടെ മാര്‍പാപ്പയുടെ പ്രതിനിധിയായ ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ പള്ളിയില്‍ ആരാധന നടത്തിയത്.
അതേസമയം, ഏകീകൃത കുര്‍ബാന വിഷയത്തില്‍ എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ വിമത വിഭാഗത്തിന്റെ പ്രതിഷേധം ഇന്നലെ രാത്രി വൈകിയും തുടര്‍ന്നു. മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസില്‍ പ്രാര്‍ഥന അര്‍പ്പിക്കാന്‍ എത്തിയതിന് പിന്നാലെയാണ് പ്രതിഷേധം ഉടലെടുത്തത്. ബിഷപ്പ് ബസിലിക്കയ്ക്കുള്ളില്‍ കയറിയതോടെ വിമതര്‍ മുദ്രാവാക്യം വിളികളുമായി പള്ളിപ്പരിസരം വളയുകയായിരുന്നു.
ആര്‍ച്ച് ബിഷപ്പിനുനേരെ കുപ്പിയേറ് ഉണ്ടായി. വിശ്വാസികള്‍ വൈദികരെ ചീത്ത വിളിക്കുകയും ചെയ്തു. ആര്‍ച്ച് ബിഷപ്പ് എത്തിയാല്‍ വലിയ രീതിയിലുള്ള പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പ് പല അല്‍മായ സംഘടനകളും നല്‍കിയിരുന്നു. എന്നാല്‍ പ്രാര്‍ഥന നടത്തണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസില്‍ തീരുമാനിക്കുകയും വൈകിട്ടോടെ ബസിലിക്കയില്‍ എത്തുകയുമായിരുന്നു.
എകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനില്‍നിന്ന് ആര്‍ച്ച് ബിഷപ്പിനെ കൊച്ചിയിലേക്ക് അയച്ചത്. പ്രതിഷേധം സംഘര്‍ഷത്തിലേക്കടക്കം നീങ്ങിയ സാഹചര്യത്തില്‍ കഴിഞ്ഞ എട്ടുമാസമായി എറണാകുളം സെന്റ് മേരീസ് ബസിലിക്ക അടഞ്ഞുകിടക്കുകയാണ്. ഇവിടേയ്ക്ക് ആര്‍ച്ച് ബിഷപ്പ് പ്രാര്‍ഥന നടത്താന്‍ വന്നതാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്.
മുന്‍പ് ചര്‍ച്ചകള്‍ നടത്തിയിട്ടും തങ്ങളുടെ അഭിപ്രായങ്ങളെ മാര്‍ സിറില്‍ വാസില്‍ ചെവിക്കൊണ്ടില്ലെന്നാണ് വിമത വിഭാഗത്തിന്റെ ആരോപണം. മാര്‍പാപ്പയുടെ പ്രതിനിധിയെ ബസിലിക്കയ്ക്ക് അകത്തേയ്ക്ക് കയറ്റില്ലെന്ന് പറഞ്ഞ് മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു വിമത വിഭാഗത്തിന്റെ പ്രതിഷേധം. പ്രതിഷേധക്കാര്‍ പള്ളിയുടെ മുന്‍വശം ഉപരോധിച്ചതോടെ പിന്‍ഭാഗത്തെ വാതിലിലൂടെ മാര്‍പ്പാപ്പയുടെ പ്രതിനിധിയെ ബസിലിക്കയുടെ അകത്തേക്ക് കയറ്റാന്‍ പോലീസ് ശ്രമിക്കുകയായിരുന്നു.
കനത്ത പോലീസ് സുരക്ഷയിലാണ് മാര്‍ സിറില്‍ വാസില്‍ സെന്റ് മേരീസ് ബസലിക്കയ്ക്കുള്ളില്‍ കടന്നത്. വിമതരുമായി പോലീസ് ചര്‍ച്ച നടത്തിയെങ്കിലും സമവായമുണ്ടായില്ല.