ഓഗസ്റ്റ് 15 ലോകമെമ്പാടുമുള്ള പല രാജ്യങ്ങള്‍ക്കും ആഘോഷ ദിനമാണ്. കാരണം അവര്‍ സ്വാതന്ത്ര്യം നേടിയ ദിനമാണത്. ഇന്‍ഡ്യ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, കോംഗോ-ബ്രാസാവില്ലെ, ബഹ്റൈന്‍, ലിച്ചെന്‍സ്റ്റീന്‍ എന്നീ രാജ്യങ്ങളെല്ലാം ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യം ആഘോഷിക്കുന്നു. പരേഡുകള്‍, പതാക ഉയര്‍ത്തല്‍ ചടങ്ങുകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയോടെയാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുക.
ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രാജ്യങ്ങള്‍:
1. ഇന്‍ഡ്യ
1947 ഓഗസ്റ്റ് 15 ന് 200 വര്‍ഷത്തെ ബ്രിട്ടീഷ് ഭരണം അവസാനിച്ചതോടെ ഇന്‍ഡ്യ സ്വാതന്ത്ര്യം അടയാളപ്പെടുത്തി.
2. റിപ്പബ്ലിക് ഓഫ് കോംഗോ
കോംഗോ-ബ്രാസാവില്ലെ എന്നും അറിയപ്പെടുന്നു, 1960 ഓഗസ്റ്റ് 15-ന് ഫ്രാന്‍സില്‍ നിന്ന് സ്വാതന്ത്ര്യം നേടി.
3. ദക്ഷിണ കൊറിയ, ഉത്തര കൊറിയ
1945 ഓഗസ്റ്റ് 15 ന് കൊറിയന്‍ ഉപദ്വീപ് ജാപ്പനീസ് ഭരണത്തില്‍ നിന്ന് മോചിതമായി. ദക്ഷിണ കൊറിയയും ഉത്തര കൊറിയയും ഈ ദിവസം ദേശീയ വിമോചന ദിനമായി ആഘോഷിക്കുന്നു.
4. ലിച്ചെന്‍സ്‌റ്റൈന്‍
ലിച്ചെന്‍സ്‌റ്റൈന്‍, സ്വിറ്റ്‌സര്‍ലന്‍ഡും ഓസ്ട്രിയയും കൊണ്ട് ചുറ്റപ്പെട്ട യൂറോപ്പിലെ ചെറിയ രാജ്യമാണ്. 1866 ഓഗസ്റ്റ് 15-ന് ജര്‍മന്‍ ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടി. പക്ഷേ 1940 വരെ ഓഗസ്റ്റ് 15 ദേശീയ ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല.
5. ബഹ്റൈന്‍
ഗള്‍ഫ് മേഖലയിലെ ദ്വീപ് രാജ്യമാണ് ബഹ്റൈന്‍. 1971 ഓഗസ്റ്റ് 15 ന് യുണൈറ്റഡ് കിംഗ്ഡത്തില്‍ നിന്ന് ബഹ്റൈന്‍ സ്വാതന്ത്ര്യം നേടി.
ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ ദിനത്തെ കുറിച്ച് കൂടുതലറിയാം:
1947-ല്‍ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്‍ഡ്യ സ്വാതന്ത്ര്യം നേടി. ലോകമെമ്പാടുമുള്ള എല്ലാ ഇന്‍ഡ്യക്കാരും ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ഏകദേശം രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷം ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്‍ഡ്യയ്ക്ക് മോചനം നേടിത്തന്ന പോരാട്ടങ്ങള്‍, നേതാക്കള്‍, സ്വാതന്ത്ര്യം നേടിയെടുക്കാന്‍ ജീവന്‍ ബലിയര്‍പ്പിച്ച സ്വാതന്ത്ര്യ സമര സേനാനികള്‍, അവരുടെ ത്യാഗങ്ങള്‍ എന്നിവയുടെയൊക്കെ ഓര്‍മപ്പെടുത്തൽ കൂടിയാണ് സ്വാതന്ത്ര്യ ദിനം.
ചരിത്രവും പ്രാധാന്യവും:
മഹാത്മഗാന്ധിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരം ഒന്നാം ലോകമഹായുദ്ധത്തോടെയാണ് ആരംഭിച്ചത്. 1947 ഓഗസ്റ്റ് 15ന് 200 വര്‍ഷത്തെ ബ്രിട്ടീഷ് ഭരണം അവസാനിച്ചതോടെ ഇന്‍ഡ്യ സ്വാതന്ത്ര്യം അടയാളപ്പെടുത്തി . മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, സുഭാഷ് ചന്ദ്രബോസ് തുടങ്ങി നിരവധി നേതാക്കള്‍ ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പ്രധാന പങ്കുവഹിച്ചു.
എല്ലാ വര്‍ഷവും സ്വാതന്ത്ര്യദിനത്തിൽ ഡെല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് സൈനിക പരേഡും നടക്കും. 1947 ഓഗസ്റ്റ് 15 ന് ഇന്‍ഡ്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഡല്‍ഹിയിലെ ചെങ്കോട്ടയുടെ ലാഹോരി ഗേറ്റിന് മുകളില്‍ ഇന്‍ഡ്യന്‍ ദേശീയ പതാക ഉയര്‍ത്തി. അന്നുമുതല്‍ എല്ലാ പ്രധാനമന്ത്രിമാരും ആ പാരമ്പര്യം പിന്തുടരുന്നു.