BusinessTRENDING

സുക്കറണൻ്റെ ഐഡിയ ഏറ്റില്ല! 79 ശതമാനം ആളുകളും ത്രെഡ്സ് വിട്ടു

ന്യൂയോര്‍ക്ക്: മെറ്റയുടെ ടെക്സ്റ്റ് അധിഷ്ഠിത ആപ്പായ ത്രെഡ്സ് ജൂലൈ 5നാണ് അവതരിപ്പിച്ചത്. ദശലക്ഷക്കണക്കിന് പേരാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം കുടുംബത്തില്‍ നിന്നും വന്ന പുതിയ ആപ്പിലേക്ക് ഇതിന് പിന്നാലെ ഇടിച്ചു കയറിയത്. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം നോക്കുമ്പോള്‍ ഇലോണ്‍ മസ്കിന്‍റെ എക്സിനെ ലക്ഷ്യമിട്ട് തുടങ്ങിയ ആപ്പ് വന്‍ പരാജയത്തിലേക്ക് നീങ്ങുന്ന സൂചനകളാണ് ലഭിക്കുന്നത്.

ത്രെഡ്സ് ആപ്പ് അതിന്‍റെ ഉപയോക്താക്കളില്‍ പകുതിയിലേറെപ്പേരെ നഷ്ടമായി എന്നാണ് റിപ്പോര്‍ട്ട് വന്നത്. ഇതിന് പിന്നാലെ മെറ്റ ജീവനക്കാരുമായി നടത്തിയ ഒരു ടൌണ്‍ ഹാളില്‍ ആപ്പിന്‍റെ പരാജയം പരോക്ഷമായി മാര്‍ക്ക് സക്കര്‍ബര്‍ഗ് സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ട് വരുന്നത്. ത്രെഡ്സ് ആപ്പ് പ്രതീക്ഷതിനേക്കാള്‍ നല്ലതായിരുന്നു, പക്ഷെ അത് പെര്‍‌ഫെക്ട് ആയിരുന്നില്ലെന്ന് സക്കര്‍ബര്‍ഗ് തുറന്നു പറഞ്ഞെന്നാണ് മെറ്റയിലെ അനൌദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തത്.

Signature-ad

സിമിലര്‍ വെബ് പുറത്തുവിട്ട വിവരം അനുസരിച്ച് ആപ്പ് അവതരിപ്പിച്ച ശേഷമുള്ള ട്രാഫിക്കില്‍ 79 ശതമാനം ഇടിവ് രേഖപ്പെടുത്തി ത്രെഡ്സില്‍. ജൂലൈ 7ന് ആപ്പിലെ ആക്ടീവ് യൂസര്‍മാര്‍ 49.3 മില്ല്യണ്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ദിവസേനയുള്ള ആക്ടീവ് യൂസര്‍മാര്‍ 10.3 മില്ല്യണ്‍ മാത്രമാണ് എന്നാണ് റിപ്പോര്‍ട്ട്. ഈ ആപ്പില്‍ ആളുകള്‍ ചിലവഴിക്കുന്ന സമയം ദിവസം 3 മിനുട്ടാണ്. ആപ്പ് അവതരിപ്പിച്ച സമയത്ത് ഇത് 21 മിനുട്ടുവരെ വളര്‍ന്നിരുന്നു.

തിരിച്ചടി യാഥാര്‍ത്ഥ്യമാണ് എന്ന് മനസിലാക്കിയ മെറ്റ അത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രതീക്ഷിച്ച പോലെ മുന്‍പ് ട്വിറ്ററായിരുന്ന എക്സ് ആപ്പില്‍ നിന്നും സ്ഥിരം ഉപയോക്താക്കളെ കിട്ടിയില്ലെന്നാണ മെറ്റയുടെ വിലയിരുത്തല്‍. പേര് മാറ്റം അടക്കം പരിഷ്കാരങ്ങള്‍ വരുത്തിയിട്ടും ഇലോണ്‍ മസ്കിന്‍റെ ആപ്പില്‍ ഇപ്പോഴും വലിയതോതില്‍ അടിസ്ഥാന യൂസേര്‍സ് നിലനില്‍ക്കുന്ന ത്രെഡ്സിന് തിരിച്ചടിയായി.

ഉടന്‍ തന്നെ ത്രെഡ്സിന്‍റെ വെബ് പതിപ്പ് പുറത്തിറക്കാനാണ് മെറ്റയുടെ തീരുമാനം. ഇതുവഴി ആക്ടീവ് യൂസേര്‍സിനെ ആകര്‍ഷിക്കാം എന്നാണ് മെറ്റ കരുതുന്നത്. അതായത് ത്രെഡ്സ് ഉപയോഗിക്കാന്‍ ആപ്പ് തുറക്കേണ്ട അവസ്ഥ ഇല്ലാതാക്കുക വഴി എന്‍ഗേജ്മെന്‍റ് കൂട്ടാം എന്നാണ് മെറ്റ പ്രതീക്ഷിക്കുന്നത്.

Back to top button
error: