കോട്ടയം: ഉമ്മന്‍ ചാണ്ടിക്ക് സാധ്യമായ എല്ലാ ചികിത്സയും നല്‍കിയിട്ടുണ്ട് എന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. തിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ഥി ആയതോടെ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ വീണ്ടും ആക്ഷേപിക്കാനുള്ള തരംതാണ ആരോപണം സിപിഎം മൂന്നാംകിട നേതാക്കന്മാരെക്കൊണ്ട് ഉന്നയിപ്പിക്കുകയാണ്. അവരോടു മറുപടിയില്ല. സത്യം ജനം അറിയണം. തിരഞെടുപ്പില്‍ രാഷ്ട്രീയം പറയുമെന്നു പറഞ്ഞിട്ട് തരംതാണ ആരോപണങ്ങളിലേക്കാണു സിപിഎം കടക്കുന്നതെന്നും സതീശന് പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ ഉറപ്പു വരുത്തുന്നതില്‍ കേരള സര്‍ക്കാരിനു പ്രത്യേക ഇടപെടല്‍ നടത്തേണ്ടി വന്നതിന്റെ ഉത്തരവാദിത്തം പ്രതിപക്ഷ നേതാവിനും ഉണ്ടെന്ന സിപിഎം നേതാവ് അനില്‍കുമാര്‍ അരോപണം ഉന്നയിച്ചിരുന്നു. ഇതിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
”സര്‍ക്കാര്‍ ഒരു ചികിത്സയും കൊടുത്തിട്ടില്ല അദ്ദേഹത്തിന്. ആ കുടുംബത്തിലെ നാലു പേരും മാറി മാറി അദ്ദേഹത്തിന്റെ അരികിലുണ്ടായിരുന്നു. അവര്‍ അത്ര നോക്കിയാണു നിന്നത്. ഞങ്ങളോട് ഒരു സഹായവും അവര്‍ ചോദിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബത്തിനു വേണ്ട സാഹചര്യങ്ങള്‍ ഒരുക്കുന്നതിനായി എല്ലാകാര്യങ്ങളും പാര്‍ട്ടി ചെയ്തു കൊടുത്തിട്ടുണ്ട്. രാഹുല്‍ ഗാന്ധി എല്ലാ ആഴ്ചയിലും അദ്ദേഹത്തിന്റെ രോഗവിവരം തിരക്കിക്കൊണ്ടിരുന്നു. ജോഡോ യാത്രയില്‍ ചാണ്ടി ഉമ്മന്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം നടക്കുമ്പോള്‍, കുറച്ചു ദിവസം പിതാവിനൊപ്പം പോയി നില്ക്കാന് പറഞ്ഞ് അദ്ദേഹത്തെ ബെംഗളൂരുവിലേക്കു പറഞ്ഞയച്ചിട്ടുണ്ട് രാഹുല്‍ ഗാന്ധി. സോണിയ ഗാന്ധിയും മിക്കപ്പോഴും വിളിച്ചു വിവരങ്ങള്‍ തിരക്കിയിരുന്നു.
ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും അടുത്ത സ്നേഹിതരായ കെ.സി.ജോസഫ്, ബെന്നി ബെഹനാന്, എം.എം.ഹസന്, എ.കെ.ആന്റണി എല്ലാവരും അദ്ദേഹത്തിന്റെ കാര്യങ്ങളില്‍ ശ്രദ്ധയുള്ളവരായിരുന്നു. ഞങ്ങളെല്ലാവരും ചേര്‍ന്നാണ് അതു ചെയ്തത്. ഇപ്പോള്‍ ഈ തിരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെ പറയുന്നതിന് എന്താ പറയുക… തിരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിടുമെന്നു തിരുവനന്തപുരത്ത് പറഞ്ഞിട്ട് ഇവിടെ വന്നിട്ട് ഈ തരംതാണ കാര്യങ്ങള്‍ പറയുന്നത് സിപിഎമ്മിന്റെ സ്ഥിരം പരിപാടിയാണ്. അതെല്ലാം ജനങ്ങള്‍ മനസ്സിലാക്കും.” സതീശന് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള വിവാദത്തില്‍ അഴിമതിയാണു നിയമസഭയില്‍ ഉന്നയിക്കേണ്ടത്. അതിനു റൂള്‍സ് ഓഫ് പ്രൊസീജ്യറുണ്ട്. അതുവഴി തന്നെ ഉന്നയിക്കും. അല്ലാതെ പറയുന്നത് അഭംഗിയാണ്. മുഖ്യമന്ത്രിയുടെ മറുപടി ഭയന്നാണ് എന്ന എ.കെ.ബാലന്റെ ആരോപണത്തോടു മറുപടിയില്ല. താരതമ്യേന ചെറുപ്പക്കാരായ ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍നിന്നു മാറി നില്ക്കുന്ന മുഖ്യമന്ത്രി പരിണിത പ്രജ്ഞരായ പ്രതിപക്ഷത്തെ എങ്ങനെ നേരിടും. ഒരു പത്രസമ്മേളനം നടത്തി മറുപടി പറയാന്‍ പിണറായി വിജയനോട് എ.കെ.ബാലന് പറയണമെന്നും സതീശന് പറഞ്ഞു.