തിരുവനന്തപുരം: താനൂരില്‍ ലഹരി കേസില്‍ പിടികൂടിയ താമിര്‍ ജിഫ്രിയെന്ന യുവാവിന്റെ മരണത്തില്‍ പോലീസിന്റെ ഭാഗത്ത് ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് നോട്ടീസിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. എംഡിഎംകെ അടക്കം പിടിച്ചെടുത്ത പശ്ചാത്തലത്തിലാണ് അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. അഞ്ചു പേരെയും നിയമവിധേയമായിത്തന്നെയാണ് പോലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കുകയും, ചോദ്യം ചെയ്യുകയും ചെയ്തത്.
ജിഫ്രിയുടെ മരണം ഉണ്ടായപ്പോള്‍ കസ്റ്റഡിയില്‍ സംഭവിച്ച മരണം എന്ന നിലയില്‍, സര്‍ക്കാരിന്റെ നയപരമായ നിലപാട് എന്ന തരത്തില്‍ കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കസ്റ്റഡി മരണം സംസ്ഥാന ഏജന്‍സി അന്വേഷിക്കേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം. എസ്.പി വഴിവിട്ട് പ്രവര്‍ത്തിച്ചോ എന്ന് പരിശോധിച്ച് നടപടിയെടുക്കും. എസ്.പിക്ക് എതിരായ ആരോപണവും സിബിഐ അന്വേഷിക്കും.
പോലീസിന് ആളെ തല്ലിക്കൊല്ലാനുള്ള അധികാരമില്ല. ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്. കസ്റ്റഡിയില്‍ എടുക്കുന്നവരെ മര്‍ദ്ദിക്കുകയോ, മരണമോ സംഭവിച്ചാല്‍ ഗുരുതര നടപടി സ്വീകരിക്കും. താനൂര്‍ സംഭവത്തില്‍ കൃത്യമായ അന്വേഷണം ഉണ്ടാകും. തെറ്റ് ചെയ്തവര്‍ രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.