ബെഡ്ഡുകൾ തയ്യാറാക്കാൻ 30 സെ.മീ വീതിയും 60 സെന്റീ മീറ്റർ നീളവുമുള്ള പോളിത്തീൻ കവറുകൾ (200 ഗേജ് കനം) ഉപയോഗിക്കാം. കവറിന്റെ അടിവശം നന്നായി കെട്ടി, മറ്റേ അറ്റം വിടർത്തിവെച്ച് അതിലൂടെ ആദ്യം ഒരു വയ്ക്കോൽച്ചുരുൾ കൈകൊണ്ട് അമർത്തിവെക്കുക. അതിനുമീതെ വശങ്ങളിൽമാത്രം കൂൺവിത്ത് വിതറണം. ഇതിനുമീതെ അടുത്ത വയ്ക്കോൽച്ചുരുൾ വെക്കുക. ഇതിന്റെ വശങ്ങളിലും കൂൺവിത്തു വിതറണം. ഇങ്ങനെ മൂന്നോ നാലോ തട്ട് വരെ ഒറ്റ കവറിൽ നിറയ്ക്കാം. ഏറ്റവുംമുകളിൽ നന്നായി കൂൺ വിത്ത് വിതറിയിട്ട് ഒരു പ്ലാസ്റ്റിക് നൂലുകൊണ്ട് കവർ മുറുക്കിക്കെട്ടണം. അണുവിമുക്തമാക്കിയ ഒരു മൊട്ടുസൂചികൊണ്ട് കവറിന്റെ വശങ്ങളിൽ ചെറുസുഷിരങ്ങൾ ഇട്ടതിനുശേഷം കൂൺതടങ്ങൾ വൃത്തിയുള്ള ഇരുട്ടുമുറിയിൽ തൂക്കിയിടുക.
12-15 ദിവസത്തിനുള്ളിൽ കൂൺ തന്തുക്കൾ കവറിനുള്ളിൽ വളർന്ന് വ്യാപിക്കും.ഹാൻഡ് സ്പ്രേയർ ഉപയോഗിച്ച് വെള്ളം തളിച്ച് ബെഡ്ഡിൽ നനവ് നിലനിർത്തണം. ഒരു ബ്ലേഡ് കൊണ്ട് തടത്തിൽ ചെറിയ കീറലുകൾ ഉണ്ടാക്കണം. ഇനി തടങ്ങൾ സാമാന്യം ഈർപ്പവും വെളിച്ചവുമുള്ള മുറിയിലേക്ക് മാറ്റാം. ദിവസവും രണ്ടുനേരം നനയ്ക്കണം. 3-4 ദിവസംകൊണ്ട് കൂൺ പുറത്തേക്കുവളരും. അപ്പോൾ വിളവെടുക്കാം. ബെഡ്ഡുകൾ വീണ്ടും അല്പം വെള്ളംനനച്ചു സൂക്ഷിച്ചാൽ നാലഞ്ചുദിവസം കഴിയുമ്പോൾ വീണ്ടും കൂണുകൾ മുളച്ചുവരുന്നത് കാണാം. ഇങ്ങനെ മൂന്നുപ്രാവശ്യംവരെ ഒരു കൂൺതടത്തിൽനിന്ന് വിളവെടുക്കാം