KeralaNEWS

തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെയും തേക്കിന്‍കാട് മൈതാനിയുടെയും പുനരുദ്ധാരണത്തിന് 50 കോടിയുടെ പദ്ധതി

തൃശൂർ: വടക്കുംനാഥ ക്ഷേത്രത്തിന്റെയും തേക്കിന്‍കാട് മൈതാനിയുടെയും പുനരുദ്ധാരണത്തിനും നവീകരണത്തിനും വേണ്ടി 50 കോടിയുടെ പദ്ധതിയുമായി ടി എന്‍ പ്രതാപന്‍ എം പി.പദ്ധതിയുടെ രൂപരേഖ എം പി കേന്ദ്ര സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി ജി.കിഷന്‍ റെഡ്ഢിക്ക് സമര്‍പ്പിച്ചു.

തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം, തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളെ പ്രസാദ് പദ്ധതിയിലുള്‍പ്പെടുത്തി നവീകരിക്കണമെന്ന് നേരത്തേ എം പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, കേന്ദ്ര സാംസകാരിക പുരാവസ്തു വകുപ്പുകള്‍ സാധ്യതാപഠനം നടത്തിവരികയാണ്. ഈ പശ്ചാത്തലത്തിലാണ് വടക്കുംനാഥ ക്ഷേത്രവും തേക്കിന്‍കാട് മൈതാനവും വിശ്വാസപ്രകാരമുള്ള ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിച്ചുകൊണ്ടും തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പിനാവശ്യമായ സൗകര്യങ്ങള്‍ നഷ്ടപ്പെടാതെയുമുള്ള നവീകരണ പുനരുദ്ധാരണ പ്രവര്‍ത്തങ്ങള്‍ക്കുള്ള വിശദ രൂപരേഖ മന്ത്രിക്ക് കൈമാറിയത്.

ക്ഷേത്രത്തിന്റെ കേടുപാടുപറ്റിയ ഗോപുരങ്ങള്‍, കൂത്തമ്ബലം, ക്ഷേത്ര വളപ്പിലെയും മൈതാനിയിലെയും പൈതൃക നിര്‍മ്മിതികള്‍, നെഹ്‌റു മണ്ഡപം അടക്കമുള്ള മണ്ഡപങ്ങള്‍ എന്നിങ്ങനെയുള്ള നിര്‍മ്മിതികളുടെ പുനരുദ്ധാരണവും സംരക്ഷണവും പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന ശിവക്ഷേത്രങ്ങളില്‍ ഒന്നായ വടക്കുംനാഥ ക്ഷേത്രം ലോക പ്രശസ്ത ഉത്സവാഘോഷമായ തൃശൂര്‍ പൂരത്തിന്റെ ആതിഥേയസ്ഥാനം എന്ന നിലക്കും ലോകാഖ്യാതി നേടിയിട്ടുണ്ട്.

Back to top button
error: