മൂന്നാം തവണയും ബംഗാള്‍ മുഖ്യമന്ത്രി പദത്തിലെത്താന്‍ കൊതിക്കുന്ന മമതാ ബാനര്‍ജിക്ക് സഹായിയാവാന്‍ എന്‍സിപി നേതാവ് ശരത് പവാര്‍ എത്തുന്നു.
അമിത് ഷാ കളിക്കുന്ന കളികളെ ഏത് തരത്തില്‍ ചെറുക്കണമെന്ന മറുതന്ത്രങ്ങള്‍ ഉപദേശിക്കാനാണ് പവാര്‍ എത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മാത്രമല്ല അമിത് ഷാ അടിക്കടി കൊല്‍ക്കത്തയില്‍ വന്നുപോകുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എടുത്തുചാടി പ്രതികരിക്കരുതെന്നും മമതയോട് പവാര്‍ പറഞ്ഞിരുന്നുവത്രേ.
ഇരുവരും കോണ്‍ഗ്രസ് വിട്ട് പ്രാദേശിക പാര്‍ട്ടികള്‍ക്ക് നേതൃത്വം കൊടുത്ത വ്യക്തികളാണ്. അതിനാല്‍ പ്രാദേശിക പാര്‍ട്ടികളെ ഒതുക്കി ഭരണം കൈപ്പിടിയിലൊതുക്കുന്ന മോദി-ഷാ തന്ത്രങ്ങള്‍ തകര്‍ത്തെറിഞ്ഞ് മഹാരാഷ്ട്രയില്‍ പവാര്‍ കളിച്ച കളി പല കക്ഷിനേതാക്കള്‍ക്കും പാഠ പുസ്തകമാണ്.
ജനുവരി ആദ്യ ആഴ്ചയില്‍ കൊല്‍ക്കത്തയില്‍ എത്തുന്ന പവാര്‍ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് നഗരത്തില്‍ നടക്കുന്ന വമ്പന്‍ റാലിയെ അഭിസംബോധനയും ചെയ്യുമെന്നുമാണ് പുറത്ത് വരുന്ന വിവരം.
പാര്‍ട്ടിയിലും അധികാരത്തിലുംഅനന്തരവനായ അഭിഷേക് ബാനര്‍ജിയുടെ സ്വാധീനം വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടി തന്റെ കുടുംബത്തില്‍ നിന്നുളള ആരും അധികാര കേന്ദ്രങ്ങളില്‍ എത്തില്ലെന്ന പൊതു പ്രഖ്യാപനം മമത നടത്തണമെന്നും ജനുവരിയില്‍ കൂടുതല്‍ റാലികള്‍ക്കായി എത്തുന്ന അമിത് ഷാ ആവശ്യപ്പെട്ടിരിക്കുകയാണ്.
പാര്‍ലമെന്റിന്റെ ആവശ്യങ്ങള്‍ക്കായി പല പ്രാദേശിക പാര്‍ട്ടികളേയും ആവശ്യാനുസരണം ഉപയോഗിക്കുന്ന ബിജെപി അതത് സംസ്ഥാനങ്ങളില്‍ അത്തരം കക്ഷികളെ ഒതുക്കുന്നതായി പവാര്‍ ചൂണ്ടിക്കാണിക്കുന്നു. തെലങ്കാനയുടെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, ഒഡീഷയിലെ നവീന്‍ പട്നായിക്ക്, തമിഴ്നാട്ടിലെ എം.കെ സ്റ്റാലിന് എന്നിവരെല്ലാം ഉദാഹരണങ്ങളാണ്.
അത്തരത്തില്‍ മുതിര്‍ന്ന തൃണമൂല്‍ നേതാക്കളെ സ്വന്തമാക്കി മമതയെ ദുര്‍ബലയാക്കാന്‍ ബംഗാളില്‍ അമിത് ഷാ നടത്തുന്ന നീക്കങ്ങളെ കൂടുതല്‍ ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്തി പവാറിന് സാധിച്ചാല്‍ പവാറിന്റെ രാഷ്ട്രീയ തന്ത്രജ്ഞത മികവുറ്റതാകുമെന്ന് വിലയിരുത്തപ്പെടുന്നു.
പ്രാദേശിക പാര്‍ട്ടികള്‍ക്ക് ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികളെ തിരിച്ചറിഞ്ഞ് ചെറുക്കണമെന്ന് ചൂണ്ടിക്കാട്ടി എല്ലാ പ്രതിപക്ഷ നേതാക്കളുമായി ആശയവിനിമയം നടത്താനുളള ശ്രമത്തിലാണ് പവാര്‍. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ അശോക് ഗലോട്ട്, ഭൂപേഷ് ബഗേല്‍, അമരീന്ദര്‍ സിങ് എന്നിവരുമായും പവാറും മമതയും ആശയവിനിമയം നടത്തിയെന്നാണു റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ കമല്‍നാഥുമായും പവാര്‍ ബന്ധപ്പെട്ടിരുന്നു.
അതേസമയം, പവാറിനെപ്പോലെയുളള മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിവരണമെന്ന് ഒരുവിഭാഗം നേതാക്കള്‍ വാദിക്കുന്നു. ആരോഗ്യകാരണങ്ങളാല്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ സജീവമാകാത്ത സാഹചര്യത്തിലാണ് നേതാക്കള്‍ ഈ ആവശ്യം മുന്നോട്ട് വെയ്ക്കുന്നത്. മാത്രവുമല്ല ബിജെപിയുടെ മുന്നേറ്റത്തെ തടയിടാനുളള ഏകമാര്‍ഗം പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മ കരുത്തുറ്റതാക്കി യുപിഎ അധ്യക്ഷ സ്ഥാനം പവാറിന് നല്‍കുക എന്നത് മാത്രമാണെന്നും നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.