ദില്ലി: കോണ്‍ഗസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് മോദി. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധി വന്നിട്ടും രാഹുല്‍ പ്രകടിപ്പിച്ചത് പശ്ചാത്താപമല്ലെന്നും മറിച്ച് അഹങ്കാരമായിരുന്നുവെന്ന് പൂര്‍ണേഷ് മോദി പറഞ്ഞു. അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ രാഹുല്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലിനുള്ള മറുപടിയിലാണ് പൂര്‍ണേഷ് മോദിയുടെ പരാമര്‍ശങ്ങള്‍.
അയോഗ്യനാക്കപ്പെട്ട ശേഷം രാഹുല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താന്‍ മാപ്പ് പറയില്ലെന്നാണ് പറഞ്ഞത്. കാരണം താന്‍ ഗാന്ധിയാണ് സവര്‍ക്കറല്ല എന്നാണെന്നും പൂര്‍ണേഷ് പറഞ്ഞു. 2019ല്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം പ്രധാനമന്ത്രിയോടുള്ള വ്യക്തിപരമായ വിദ്വേഷം കൊണ്ടാണ്. ആ വിദ്വേഷം വളരെ വലുതായത് കൊണ്ടാണ് മോദി എന്നു പേരുള്ള എല്ലാ മനുഷ്യരെയും രാഹുല്‍ അപമാനിച്ചതെന്നും പൂര്‍ണേഷ് കോടതിയില്‍ പറഞ്ഞു. ഒരു ദേശീയ പാര്‍ട്ടിയുടെ പ്രസിഡന്റ് ആയിരിക്കുമ്പാള്‍ രാഹുല്‍ നടത്തിയ പരാമര്‍ശം ശരിയല്ല. കുറച്ച് കൂടി ഉയര്‍ന്ന നിലവാരം അദ്ദേഹം കാണിക്കണമായിരുന്നുവെന്നും പൂര്‍ണേഷ് പറഞ്ഞു.
2019ല്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലാണ് രാഹുല്‍ ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്. ‘എനിക്ക് ഒരു ചോദ്യമുണ്ട്. എന്ത് കൊണ്ടാണ് എല്ലാ കള്ളന്മാരുടെയും പേരില്‍ മോദിയുള്ളത്. അതാ നീരവ് മോദിയായാലും, ലളിത് മോദിയായാലും, നരേന്ദ്ര മോദിയായാലും. നമുക്ക് അറിയില്ല, ഇനി ഏത്ര മോദിമാര്‍ ഇതുപോലെ വരാനുണ്ടെന്ന്.’-രാഹുല്‍ പറഞ്ഞു. 2013 മാര്‍ച്ച് 23നാണ് സൂറത്ത് സെഷന്‍ കോടതി രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതും തുടര്‍ന്ന് അദ്ദേഹത്തെ എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതും. തുടര്‍ന്ന് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സൂറത്ത് കോടതിയുടെ വിധി ശരിവച്ചു. തുടര്‍ന്നാണ് രാഹുല്‍ സുപ്രീംകോടതിയെ സമീപ്പിച്ചത്.