കോട്ടയം: സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ വിവാദ പ്രസ്താവനയില്‍ പ്രത്യക്ഷപ്രതിഷേധവുമായി നായര്‍ സര്‍വീസ് സൊസൈറ്റി. പരാമര്‍ശം പിന്‍വലിച്ചു മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം സര്‍ക്കാര്‍ നടപടിയെടുക്കണം എന്നുമുള്ള ആവശ്യത്തെ നിസ്സാരവത്കരിക്കുന്നതാണ് ബന്ധപ്പെട്ടവരുടെ നിലപാട് എന്നാരോപിച്ച് ബുധനാഴ്ച വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാന്‍ എന്‍.എസ്.എസ്. തീരുമാനിച്ചു. ഇത് സംബന്ധിച്ച നിര്‍ദേശം എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ എല്ലാ താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാര്‍ക്കും നിര്‍ദേശം നല്‍കി.
ഷംസീറിന്റെ പരാമര്‍ശം സ്ഥാനത്തിന് യോജിച്ചതല്ലെന്ന് ജി. സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പ്രസ്താവന അതിരുകടന്നുപോയി. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പെരുമാറ്റം ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും അത് അംഗീകരിക്കാവുന്നതല്ല. ഈ സാഹചര്യത്തില്‍ നിയമസഭാ സ്പീക്കര്‍ സ്ഥാനത്ത് തുടരുന്നതിനുതന്നെ അര്‍ഹതയില്ല. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുവിധം സ്പീക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് അവരോട് മാപ്പുപറയുകയാണ് ചെയ്യേണ്ടത്. അല്ലാത്തപക്ഷം സ്പീക്കര്‍ക്കെതിരെ യുക്തമായ നടപടി സ്വീകരിക്കുന്നതിന് സംസ്ഥാനസര്‍ക്കാരിന് ബാധ്യതയുണ്ടെന്നുമായിരുന്നു പ്രതികരണം.
ഇതിനെതിരെ കടുത്ത വിമര്‍ശനവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുതര്‍ന്ന നേതാവ് എ.കെ. ബാലനും രംഗത്തെത്തിയിരുന്നു. സ്പീക്കര്‍ ഉന്നയിച്ചത് ശാസ്ത്രീയമായ കാര്യമാണെമാണെന്നും അതിന്റെ ഭാഗമായി രാജിവെക്കുക, മാപ്പു പറയുക എന്നുള്ള പ്രചാരണത്തോട് യോജിപ്പില്ലെന്നുമായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം. നായര്‍ സമുദായം സുകുമാരന്‍ നായരുടെ കീശയിലാണെന്ന് അദ്ദേഹം കരുതേണ്ടെന്ന രൂക്ഷപ്രതികരണമായിരുന്നു എ.കെ. ബാലന്‍ നടത്തിയത്.