കഴിഞ്ഞ കുറെ ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വാര്‍ത്തയായിരുന്നു വാഗമണ്ണിലെ നിശാപാര്‍ട്ടി. ജന്മദിനാഘോഷം എന്ന പേരില്‍ ആളുകളെ റിസോര്‍ട്ടിലെത്തിച്ച ശേഷം ലഹരി മരുന്നുകള്‍ വില്‍പ്പന നടത്തുകയായിരുന്നു പാര്‍ട്ടി സംഘടിപ്പിച്ചവരുടെ ഉദ്ദേശം. 59 പേര് പങ്കെടുത്ത പാര്‍ട്ടിയിലെ സംഘാടകയായ 1 സ്ത്രീയുള്‍പ്പടെ 9 പേരെ അറസ്റ്റ് ചെയ്തിരുന്നു. മോഡലും നടിയുമായി ബ്രിസ്റ്റി വിശ്വാസാണ് അറസ്റ്റിലായ സംഘത്തിലെ ആ ഒരു സ്ത്രീ. ഇവര്‍ക്ക് കൊച്ചി കേന്ദ്രീകരിച്ചുളള ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു.
പനംമ്പള്ളി നഗറിലെ ഷോപ്പിങ് കോംപ്ലക്സ് കേന്ദ്രീകരിച്ച് ഒത്തുകൂടുന്ന ലഹരി സംഘത്തിലെ കണ്ണികളിലൊരാളാണ് കേസിലെ ഒമ്പതാം പ്രതിയായ ബ്രിസ്റ്റി.
നിശാപാര്‍ട്ടിയില്‍ വിളമ്പാന്‍ എത്തിച്ചത് വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന എഴുതരം ലഹരിവസ്തുക്കളെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. എംഡിഎംഎ, എല്‍എസ്ഡി, കഞ്ചാവ്, എംഡിഎംഎയുടെ വകഭേദങ്ങളായ എക്സ്റ്റസി പില്‍സ്, എക്സറ്റസി പൗഡര്‍, ചരസ്സ്, ഹഷീഷ് എന്നിവയാണു പ്രതികളില്‍ നിന്നു കണ്ടെടുത്തത്. അറസ്റ്റിലായ 9 പ്രതികളുടെ വാഹനങ്ങളില്‍ നിന്നും ബാഗുകളില്‍നിന്നുമായാണ് ലഹരി വസ്തുക്കളെല്ലാം ലഭിച്ചത്.
തൊടുപുഴ സ്വദശിയായ ഒന്നാം പ്രതി അജ്മല്‍ സക്കീറാണ് ഇവയെല്ലാം നിശാ പാര്‍ട്ടികളിലേക്ക് എത്തിച്ചു നല്‍കിയത്. അന്തര്‍ സംസ്ഥാന ലഹരി മാഫിയയുമായി അജ്മലിനും രണ്ടും മൂന്നും പ്രതികളായ മെഹറിനും നബീലിനും ബന്ധമുണ്ടെന്നാണ് സൂചന. മുന്‍പ് വിവിധയിടങ്ങളില്‍ ഇവര്‍ പാര്‍ട്ടികളില്‍ ലഹരിയുടെ ഉപയോഗം നടന്നിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
വിവിധ ജില്ലയില്‍ നിന്നുള്ളവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതിനാല്‍ ഇവരുടെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ചു മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഇതിലൂടെ കൂടുതല്‍ ലഹരി ഇടപാടുകള്‍ക്കു തെളിവു ലഭിക്കുമെന്നാണു എക്സൈസിന്റെ പ്രതീക്ഷ.
ഞായറാഴ്ചയാണ് വാഗമണ്ണിലെ സിപിഐ പ്രാദേശിക നേതാവും ഏലപ്പാറ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ ഷാജി കുറ്റിക്കാടന്റെ വട്ടത്താലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടിലായിരുന്നു നിശാപാര്‍ട്ടി നടന്നത്. സമൂഹ്യമാധ്യമങ്ങള്‍ വഴി ഒത്തുകൂടിയ ഇവര്‍ ജന്മദിനാഘോഷത്തിന്റെ പേരിലാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.
60 പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നത്.ഞായറാഴ്ച വാഗമണ്ണിലെ ഒരു റിസോര്‍ട്ടില്‍ ലഹരിമരുന്നു നിശാപാര്‍ട്ടി നടക്കുമെന്ന് രണ്ടുദിവസം മുന്‍പ് ഇടുക്കി എസ്.പി അടക്കമുള്ളവര്‍ക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ റിസോര്‍ട്ട് കഴിഞ്ഞ രണ്ടുദിവസമായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് യുവതി ഉള്‍പ്പെടെ 9 പേര് അറസ്റ്റിലായത് ബ്രിസ്റ്റിയെ കൂടാതെ തൊടുപുഴ സ്വദേശി അജ്മല്‍, മലപ്പുറം സ്വദേശിനി മെഹര്‍ ഷെറിന്, എടപ്പാള്‍ സ്വദേശി നബീല്‍, കോഴിക്കോട് സ്വദേശികളായ സല്മാന്, അജയ്, ഷൗക്കത്ത്, കാസര്‍കോട് സ്വദേശി നിഷാദ് എന്നിവരാണ് മറ്റ് അറസ്റ്റിലായവര്‍.
പുതുവര്‍ഷത്തില്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു വന്‍ തോതില്‍ ലഹരിമരുന്ന് എത്തിച്ചേരുമെന്ന സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ അതിര്‍ത്തികളില്‍ വാഹന പരിശോധന കര്‍ശനമാക്കിയത്. ജില്ലാ അതിര്‍ത്തിയിലെ വനപാതകളും എക്സൈസ് ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലാണ്.