NEWSWorld

മമ്മൂട്ടിയുടെ ‘ജീവകാരുണ്യ പദ്ധതികൾ’ നാട്ടിലും മറുനാട്ടിലും  പ്രചാരം നേടുന്നു, ‘ആശ്വാസം’ തിരുവനന്തപുരത്ത്  മന്ത്രി ജി.ആർ അനിലും ‘ഫാമിലി കണക്ട്’ ദുബൈയിൽ യു.എ.ഇ മുൻ പരിസ്ഥിതി, ജലം വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സയ്യിദ് അൽ കിണ്ടിയും ഉത്ഘാടനം ചെയ്തു

  നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള വിവിധ ജീവകാരുണ്യ പദ്ധതികൾ നാട്ടിലും മറുനാട്ടിലും ശ്രദ്ധ നേടുന്നു, ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്നുള്ള ‘ആശ്വാസം’ പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല വിതരണോദ്ഘാടനം വെട്ടിനാട് എം.ജി.എം ട്രിനിറ്റി സ്കൂളിൽ നടന്നു. ചടങ്ങിൽ ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ പദ്ധതിയുടെ വിതരണോദ്ഘാടനം മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബുവിന് ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി നിർവഹിച്ചു. വെമ്പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ജയനും ഓക്സിജൻ കോൺസെൻട്രേറ്റർ ഏറ്റുവാങ്ങി. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള വിവിധതരം ജീവകാരുണ്യ പ്രവർത്തനങ്ങൾ വളരെയേറെ വർഷങ്ങളായി ജനങ്ങളിലേക്ക് എത്തുകയും അത് ഏറെ പ്രയോജനകരമായി തീരുകയും ചെയ്യുന്നു. ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനം അർഹിക്കുന്നവയാണ് എന്നും മന്ത്രി ജി. ആർ. അനിൽ പറഞ്ഞു.

ഓക്സിജൻ സിലിണ്ടറുകൾ ആവശ്യമായി വരുന്ന കിടപ്പു രോഗികൾക്കും അവരെ പരിചരിക്കുന്ന സ്ഥാപനങ്ങൾക്കും ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സൗജന്യമായി നൽകുന്ന പദ്ധതിയാണ് ആശ്വാസം. തിരുവനന്തപുരം ജില്ലയിൽ നിന്നും ലഭിച്ച നിരവധി അപേക്ഷകളിൽ നിന്ന് ഏറ്റവും അർഹരായവർക്കാണ് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഇപ്പോൾ നൽയിയത്. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ഏറ്റവും പുതിയ പദ്ധതിയാണ് ആശ്വാസം.

Signature-ad

ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ  ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.ജി.എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്  മാനേജർ ആർ. സുനിൽ കുമാർ, ആശ്വാസം പദ്ധതി കോഡിനേറ്റർ നിധിൻ ചിറത്തിലാട്ട്, വെട്ടിനാട്  എംജിഎം ട്രിനിറ്റി സ്കൂൾ പ്രിൻസിപ്പൽ പത്മിനി മഹേഷ് , മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ മുഖ്യ രക്ഷാധികാരികളായ ബി.ഭാസ്കർ, അശോകൻ സദാശിവം, സംസ്ഥാന പ്രസിഡന്റ് അരുൺ എന്നിവരും പങ്കെടുത്തു.

  മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ പ്രവാസികൾക്കായുള്ള ആതുര സേവന പദ്ധതി ഫാമിലി കണക്ട് ഇപ്പോൾ ദുബായിലും.  പദ്ധതിയുടെ ദുബായിലുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങിൽ യു.എ.ഇ മുൻ പരിസ്ഥിതി, ജലം വകുപ്പ് മന്ത്രി ഹിസ് എക്സലൻസി ഡോ. മുഹമ്മദ് സയ്യിദ് അൽ കിണ്ടി ഉദ്ഘാടനം നിർവഹിച്ചു.
പ്രവാസികൾക്കായുള്ള മമ്മൂട്ടിയുടെ ഫാമിലി കണക്ട് പദ്ധതി തികച്ചും വ്യത്യസ്തമായ ആശയമാണെന്നും, അത് പ്രവാസികൾക്കും അവരുടെ കുടുംബത്തിനും വളരെയേറെ പ്രയോജനം ചെയ്യുമെന്ന് തനിക്ക്  ബോധ്യമുണ്ടെന്നും ഡോ. അൽ കിണ്ടി പറഞ്ഞു. ഇതുപോലുള്ള പ്രവർത്തനങ്ങൾ മമ്മൂട്ടിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട് എന്നറിഞ്ഞതിനും, അവ ദുബായ് ഉൾപ്പെടെ മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിൽ തന്റെ സ്നേഹവും  സന്തോഷവും മമ്മൂട്ടിയെ അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ അധ്യക്ഷത വഹിച്ചു.

ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്നാണ് ആദ്യഘട്ടത്തിൽ ഫാമിലി കണക്ട് പദ്ധതി സാധ്യമാക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ദുബായ് മോർ ഇഗ്നാത്തിയോസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിലെ ഫാ. സോജൻ പട്ടശ്ശേരിൽ, മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സെക്രട്ടറി സഫീദ്, ഫാമിലി കണക്ട് യൂ എ ഇ കോർഡിനേറ്റർ സാനിയാസ് അംഗങ്ങളായ ജാഫർ,  ജോസ്ഫിൻ, റാഷിദ് എന്നിവരും പങ്കെടുത്തു.

Back to top button
error: