ന്യൂഡൽഹി:ഇന്ത്യയിലെ 80 ശതമാനം മാധ്യമപ്രവര്‍ത്തകരും ബിജെപി അനുഭാവികൾ എന്ന് സർവ്വേ റിപ്പോർട്ട്.ഇന്ത്യയിലെ 80 ശതമാനം മാധ്യമപ്രവര്‍ത്തകരും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും അനുകൂലമായി വാര്‍ത്ത നല്കുന്നവരാണെന്നും സര്‍വേ റിപ്പോര്‍ട്ടിൽ പറയുന്നു.
ലോക്നീതിയും സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസും (സി.എസ്.ഡി.എസ്) പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
മാധ്യമപ്രവര്‍ത്തകരുടെയും ഉപഭോക്താക്കളുടെയും ദൈനംദിന ജീവിതത്തില്‍ മാധ്യമങ്ങളുടെ അതിശക്തമായ സാന്നിധ്യം വിലയിരുത്താൻ ലക്ഷ്യമിട്ട് ജൂലൈ 26ന് പ്രസിദ്ധീകരിച്ച ‘ഇന്ത്യൻ മീഡിയ: ട്രെൻഡുകളും പാറ്റേണുകളും’ എന്ന റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍.
പ്രിന്റ്, ടിവി, ഡിജിറ്റല്‍ തുടങ്ങിയ എല്ലാ ഫോര്‍മാറ്റിലും രാജ്യത്തുടനീളമുള്ള 206 മാധ്യമപ്രവര്‍ത്തരെ ഉള്‍പ്പെടുത്തിയുള്ള സമഗ്രമായ സര്‍വേയാണ് പ്രസിദ്ധീകരിച്ചത്.
അതേസമയം മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചവരില്‍ 72 ശതമാനം പേരും ജോലി ശരിയായി ചെയ്യാൻ സ്വാതന്ത്ര്യം കുറവാണ് എന്നാണ് പറഞ്ഞിരുന്നത്.