KeralaNEWS

സർക്കാർ ആർട്സ് ആന്‍റ് സയൻസ് കോളേജ് പ്രിൻസിപ്പൽ നിയമന പട്ടികയിൽ നിയമവിരുദ്ധമായി യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: സർക്കാർ ആർട്സ് ആൻറ് സയൻസ് കോളേജ് പ്രിൻസിപ്പൽ നിയമന പട്ടികയിൽ നിയമവിരുദ്ധമായി യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. പ്രിൻസിപ്പൽ നിയമന പട്ടികയിലേക്ക് 67 പേരുടെ പട്ടികയാണ് ആദ്യം തയ്യാറാക്കിയത്. ആകെ 55 ഒഴിവുകളാണ് ഉണ്ടായിരുന്നത്. എന്നാൽ സെലക്ഷൻ കമ്മിറ്റിയുടെ വിശകലനത്തിൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി പട്ടിക 43 ആക്കി ചുരുക്കിയെന്നും അതിലുയർന്ന പരാതികൾ പരിഹരിക്കാനാണ് ശ്രമിച്ചതെന്നും അവർ പറഞ്ഞു.

’55 പേരുടെ ഒഴിവിലേക്ക് 67 പേരുടെ ലിസ്റ്റാണ് ആദ്യം തയ്യാറാക്കിയത്. 2019 ലാണ് യുജിസിയുടെ ചെയർ ലിസ്റ്റ് വന്നത്. അതിന് മുൻപുള്ള പ്രസിദ്ധീകരണങ്ങൾ പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തിന്റെ പേരിലാണ് പട്ടികയിൽ നിന്ന് പേരുകൾ തള്ളിപ്പോയത്. 43 പേരുടെ പട്ടികയാക്കി പ്രിൻസിപ്പൽ പട്ടിക ചുരുക്കി. ഒഴിവാക്കപ്പെട്ടവർ പരാതിയുമായി രംഗത്ത് വന്നു. മന്ത്രിയെന്ന നിലയിൽ തനിക്കും പരാതികൾ ലഭിച്ചു.

Signature-ad

പരാതികൾ പരിഗണിച്ച് ലിസ്റ്റ് അന്തിമമാക്കാൻ നിർദ്ദേശം നൽകിയിരുന്നു. 43 പേരുടെ ലിസ്റ്റ് തള്ളാതെ കമ്മിറ്റിയെ നിയോഗിച്ച് പരാതി പരിശോധിക്കാൻ ആവശ്യപ്പെട്ടു. നേരത്തെ തന്നെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ കേസുകളുണ്ടായത് അടക്കം പരിഗണിച്ചും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുമാണ് തീരുമാനം എടുക്കുക. അന്തിമ പട്ടിക തയ്യാറായിട്ടില്ല. പുതിയ ലിസ്റ്റ് താൻ കണ്ടിട്ട് പോലുമില്ല. ആ ലിസ്റ്റ് സർക്കാരിന്റെ മുന്നിലേക്ക് എത്തിയിട്ടില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ തീരുമാനിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

Back to top button
error: