CrimeNEWS

നിത്യയുടെ വീട്ടില്‍ മീന്‍ എത്തിച്ചുള്ള പരിചയം; ബിനുവുമായി ചേര്‍ന്ന് കൂടുതല്‍പ്പേരെ ഹണിട്രാപ്പില്‍ കുടുക്കിയോ?

കൊല്ലം: സീരിയല്‍ നടിയും സുഹൃത്തും പ്രതിയായ ഹണിട്രാപ്പ് കേസില്‍ വിശദമായ അന്വേഷണത്തിന് പോലീസ്. പ്രതികള്‍ കൂടുതല്‍പ്പേരെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയിട്ടുണ്ടോയെന്ന് കൊല്ലം പരവൂര്‍ പോലീസ് അന്വേഷിക്കും. 75 വയസുകാരനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയെന്ന കേസില്‍ അറസ്റ്റിലായ പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി (32), പരവൂര്‍ കലയ്‌ക്കോട് സ്വദേശി ബിനു (48) എന്നിവര്‍ റിമാന്‍ഡിലാണ്. ഇവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്യാനാണ് പോലീസ് തീരുമാനം.

മുന്‍ സൈനികനും കേരള സര്‍വകലാശാല ജീവനക്കാരനുമായിരുന്ന തിരുവനന്തപുരം പട്ടം സ്വദേശിയായ 75കാരനെയാണ് നിത്യയും ബിനുവും ചേര്‍ന്ന് ഹണിട്രാപ്പില്‍ കുടുക്കിയത്. വയോധികന്റെ നഗ്‌നചിത്രം പകര്‍ത്തിയ പ്രതികള്‍ ഇയാളെ ഭീഷണിപ്പെടുത്തി 11 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ ബിനുവാണെന്ന നിഗമനത്തിലാണ് പോലീസെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Signature-ad

ആറുമാസം മുന്‍പാണ് നിത്യയും ബിനുവും പരിയപ്പെടുന്നത്. ജില്ലാ അതിര്‍ത്തിയായ ഊന്നിമൂട്ടില്‍ ഫിഷ് സ്റ്റാള്‍ നടത്തുകയാണ് ബിനു. സമീപത്തെ വീട്ടിലായിരുന്നു നിത്യയുടെ താമസം. നിത്യയുടെ വീട്ടില്‍ മത്സ്യം എത്തിച്ചാണ് ബിനു ഇവരുമായി പരിയപ്പെടുന്നത്. തട്ടിപ്പിനിരയായ വയോധികന്റെ ബന്ധുവാണ് ബിനു. നിത്യയെ ഇടനിലക്കാരിയാക്കി വയോധികനില്‍നിന്ന് പണം തട്ടാനായിരുന്നു ബിനു ആസൂത്രണം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

വയോധികന്റെ കലയ്‌ക്കോട്ടെ വീട് വാടകയ്ക്ക് ചോദിച്ചാണ് നിത്യ ഇയാളുമായി ബന്ധപ്പെടുന്നത്. തുടരെയുള്ള ഫോണ്‍ വിളിയിലൂടെ സൗഹൃദം സ്ഥാപിച്ചു. പിന്നീട് വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ ഹണിട്രാപ്പില്‍ കുടുക്കിയത്. വയോധികനെ ഭീഷണിപ്പെടുത്തി വസ്ത്രം അഴിപ്പിച്ച നിത്യ ഇയാള്‍ക്കൊപ്പംനിന്ന് ചിത്രം പകര്‍ത്തുകയായിരുന്നു. ബിനുവാണ് ഇരുവരുടെയും ചിത്രം പകര്‍ത്തിയത്.

നഗ്‌നചിത്രം സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികള്‍ 25 ലക്ഷം രൂപയാണ് വയോധികനില്‍നിന്ന് ആവശ്യപ്പെട്ടത്. 11 ലക്ഷം രൂപ ഇയാള്‍ നല്‍കിയെങ്കിലും പണം ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയില്‍ തുടര്‍ന്നു. സഹികെട്ട വയോധികന്‍ കൊല്ലം പരവൂര്‍ പോലീസിനെ സമീപിച്ചു. പോലീസ് നിര്‍ദേശമനുസരിച്ച് വയോധികന്‍ പ്രതികളെ പട്ടത്തെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

നിത്യയും ബിനുവും ഫ്‌ലാറ്റില്‍ എത്തിയതോടെ പരവൂര്‍ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. രണ്ടുപ്രതികള്‍ക്കുമെതിരെ മറ്റു കേസുകളില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരമെന്നാണ് റിപ്പോര്‍ട്ട്. അഭിഭാഷകയായ നിത്യ പൊതുമേഖലാ സ്ഥാപനത്തില്‍ കരാറടിസ്ഥാനത്തില്‍ നിയമോപദേശകയായി ജോലി ചെയ്തിട്ടുണ്ട്. ആറുമാസം മുന്‍പാണ് സീരിയല്‍ രംഗത്തേക്ക് എത്തുന്നത്.

 

Back to top button
error: