പത്തനംതിട്ട: ഒന്നര വര്‍ഷത്തോളമായി കാണാതായ നൗഷാദിനെ കണ്ടെത്തി. തൊടുപുഴയില്‍നിന്നാണ് കണ്ടെത്തിയത്. നേരത്തേ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്സാന മൊഴിനല്‍കിയിരുന്നു. തൊടുപുഴ പോലീസിന്റെ കൂടി സഹായത്തോടെ കോന്നി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉച്ചയോടെ കോന്നിയിലെത്തിച്ചേരും.
അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് അഫ്സാനയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലില്‍ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയതായി മൊഴിനല്‍കുകയും ചെയ്‌തെന്നാണ് പോലീസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നത്. പിന്നീട് ആറ്റിലെറിഞ്ഞെന്നും മറ്റും മൊഴി മാറ്റിമാറ്റിപ്പറഞ്ഞു. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നൗഷാദിനെ തൊടുപുഴയില്‍ കണ്ടെത്തിയെന്ന് പോലീസ് വ്യക്തമാക്കുന്നത്.
പരുത്തിപ്പാറയില്‍നിന്ന് നൗഷാദിനെ കാണാതായെന്ന് കാട്ടി ഇയാളുടെ അച്ഛന്‍ പാടം വണ്ടണി പടിഞ്ഞാറ്റേതില്‍ സുബൈര്‍ 2021 നവംബര്‍ അഞ്ചിനാണ് കൂടല്‍ പോലീസില്‍ പരാതി നല്‍കിയത്. അന്ന് പോലീസ് അന്ന് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല.
അടുത്ത കാലത്ത് അഫ്‌സാന, അടൂരില്‍വെച്ച് നൗഷാദിനെ കണ്ടതായി പോലീസിനോട് പറഞ്ഞു. ഇതുസംബന്ധിച്ചുള്ള അന്വേഷണമാണ് കൊലപാതകമെന്ന സംശയത്തിലേക്ക് എത്തിയത്. നൗഷാദിനെ കണ്ടുവെന്ന് പറയുന്ന സ്ഥലത്തെ സി.സി.ടി.വി. ഉള്‍പ്പടെയുള്ളവ പരിശോധിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
പിന്നീട് അഫ്‌സാനയെ കൂടുതല്‍ ചോദ്യംചെയ്തു. ഇതോടെയാണ് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. ബുധനാഴ്ച വീണ്ടും ചോദ്യംചെയ്യാനായി വിളിച്ചുവരുത്തിയപ്പോഴാണ് നൗഷാദിനെ കൊലപ്പെടുത്തിയെന്ന് അഫ്സാന സമ്മതിച്ചതെന്ന് പോലീസ് പറയുന്നു.
തുടര്‍ന്ന് അഫ്സാനയുടെ മൊഴി പ്രകാരം ഇവര്‍ താമസിച്ചിരുന്ന അടൂര്‍ പരുത്തിപ്പാറയിലെ വാടകവീടിന്റെ പരിസരത്ത് അഞ്ചുമണിക്കൂറോളം പരിശോധിച്ചെങ്കിലും മൃതദേഹാവശിഷ്ടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അഞ്ചുമണിക്കൂറിനിടെ അഞ്ചുതവണ ഇവര്‍ മൊഴി മാറ്റിപ്പറഞ്ഞു. മൃതദേഹം സംസ്‌കരിച്ചെന്ന് പറഞ്ഞ സ്ഥലത്തെല്ലാം കുഴിയെടുത്ത് പരിശോധിച്ചെങ്കിലും ഫലം ഉണ്ടായില്ല.
കോന്നി ഡിവൈ.എസ്.പി രാജപ്പന്‍ റാവുത്തര്‍, കൂടല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പുഷ്പകുമാര്‍, എസ്.ഐ. ഷെമിമോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. വ്യാഴാഴ്ചയാണ് അഫ്‌സാനയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.അഫ്‌സാനയെ കോടതി റിമാന്‍ഡ് ചെയ്തു.