കോട്ടയം: പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ മുട്ടുചിറ എസ്.സി. കോളനിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 37.5 ലക്ഷം രൂപയുടെ പദ്ധതികൾ പുരോഗമിക്കുന്നു. 2022-23, 2023-24 വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തിയാക്കുന്നത്. എസ്.സി, ജനറൽ ഫണ്ടുകൾ സംയോജിപ്പിച്ചാണ് വികസന പ്രവർത്തനങ്ങൾ സാധ്യമാക്കുന്നത്. കുടിവെള്ളം, റോഡ്, വെളിച്ചം, എന്നിവയുടെ വികസനത്തിനാണ് മുഖ്യപ്രാധാന്യം.
പദ്ധതിയുടെ ഭാഗമായി മുട്ടുചിറ എസ്.സി കോളനിയിലെ 45 കുടുംബങ്ങൾക്കും കുടിവെള്ളം ലഭ്യമാക്കി. പള്ളം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ചെലവിട്ടാണ് കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കിയത്. ഇതിനായി കോളനിയിലെ പഞ്ചായത്ത് കിണർ ശുചീകരിച്ച് മോട്ടർ സ്ഥാപിച്ചു. കോളനിയിലെ 45 കുടുംബങ്ങളിലേക്കും ഹൗസ് കണക്ഷനുകൾ വഴി പൈപ്പ് ലൈൻ സ്ഥാപിച്ച് കുടിവെള്ളം എത്തിച്ചു. കോളനിയിലെ റോഡ് വികസനത്തിനായി 22 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും 15 ലക്ഷം രൂപയും പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് ഏഴു ലക്ഷം രൂപയും റോഡ് വികസനത്തിനായി അനുവദിച്ചു.
റോഡ് വികസനത്തിന്റെ ഭാഗമായി കോളനിയിലെ റോഡ് കൈയേറ്റങ്ങൾ ഒഴിപ്പിച്ച് വീതി കൂട്ടി റോഡിന്റെ ഇരുവശങ്ങളും കെട്ടി ബലപ്പെടുത്തി. കോളനിക്കുള്ളിലൂടെ വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയുന്ന വിധം കോൺക്രീറ്റ് ചെയ്ത് റോഡ് ബലപ്പെടുത്തും. ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ചര ലക്ഷം രൂപ ചെലവിട്ട് കോളനിക്കുള്ളിൽ വൈദ്യുത പോസ്റ്റുകൾ സ്ഥാപിച്ച് വഴിവിളക്കുകളും സ്ഥാപിച്ചു. 2023 – 24 വാർഷിക പദ്ധതിക്കാലത്ത് കോളനിയിലെ അടിസ്ഥാന സൗകര്യ വികസനം പൂർത്തീകരിക്കാനാണ് ബ്ലോക്ക് പഞ്ചായത്തിന്റെ തീരുമാനം.