കോട്ടയം: ഓണത്തിന് പൂക്കളമൊരുക്കാനായി പൂകൃഷി ആരംഭിച്ച് പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ. ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ അഞ്ജലി കുടുംബശ്രീ അംഗങ്ങളാണ് മുക്കാലിയിൽ പൂകൃഷി തുടങ്ങിയത്. പാട്ടത്തിനെടുത്ത 50 സെന്റ് സ്ഥലത്താണ് കൃഷി നടത്തുന്നത്. ഇത് രണ്ടാം വർഷമാണ് അഞ്ജലി കുടുംബശ്രീയുടെ നേതൃത്വത്തിൽ പൂകൃഷി ചെയ്യുന്നത്. മൂന്ന് നിറത്തിലുള്ള വാടാമുല്ല, മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ബന്തി എന്നിവയുടെ ആയിരത്തിലധികം തൈകളാണ് നട്ടത്.
കൃഷി വകുപ്പിന്റെ നിർദ്ദേശാനുസരണമാണ് കൃഷി. ഗിരിജ രാജൻ, മോളി മത്തായി, സരസമ്മ കേശവൻ, വിലാസിനി മോഹൻ രാജ് എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി. പൂകൃഷിക്ക് പുറമെ അതിനോട് ചേർന്നുള്ള 50 സെന്റ് സ്ഥലത്ത് പാവൽ, തക്കാളി, വാഴ, കപ്പ, ചേന എന്നിവയും കൃഷി ചെയ്യുന്നുണ്ട്.