കോട്ടയം: സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം തുടങ്ങിയ അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. പ്ലംബിംഗ്, ഇലക്ട്രിക്കൽ ജോലികൾ കൂടിയാണ് പൂർത്തീകരിക്കാനുള്ളത്. കേരള സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ആർദ്രം മിഷന്റെ രണ്ടാം ഘട്ടത്തിലാണ് അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. ഇതിന്റെ ഭാഗമായി പ്രവർത്തന സമയവും മറ്റ് സേവന ഘടകങ്ങളും വർദ്ധിപ്പിച്ചു.
6884 ചതുരശ്രഅടിയിൽ രണ്ട് കോടി രൂപ ചെലവിട്ടാണ് പുതിയ കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം പണി പൂർത്തിയാക്കിയത്. മൂന്ന് ഒ.പി കേന്ദ്രങ്ങൾ, ലബോറട്ടറി, ഫാർമസി, നഴ്സസ് റൂം, നിരീക്ഷണമുറി, ശൗചാലയങ്ങൾ തുടങ്ങിയ നിരവധി സൗകര്യങ്ങളോടുകൂടിയാണ് പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറുമണിവരെയാണ് ഒ. പി. സമയം.