CrimeNEWS

മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ ഓഫീസിന് നേരെ ആള്‍ക്കൂട്ട ആക്രമണം; മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതിയെന്ന് റിപ്പോര്‍ട്ടുകള്‍

ഷില്ലോങ്: മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ ഓഫീസിന് നേരെ ആള്‍ക്കൂട്ട ആക്രമണം. നിലവില്‍ ഓഫീസിലുള്ള മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നൂറ് കണക്കിന് ആളുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വളഞ്ഞിരിക്കുകയാണ്. ആള്‍ക്കൂട്ട ആക്രമണത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് സംഘം എത്തിക്കൊണ്ടിരിക്കുന്നു.

ടൂറ നഗരത്തെ മേഘാലയ സംസ്ഥാനത്തിന്റെ ശൈത്യ കാല തലസ്ഥാനമാക്കണമെന്നാവശ്യപ്പെട്ട് എ.സി.എച്ച്.ഐ.കെ, ജി.എച്ച്.എസ്.എം.സി തുടങ്ങിയ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ നിരാഹാര സമരം നടത്തിവരികയായിരുന്നു. ഇവരുമായുള്ള ചര്‍ച്ചയ്ക്കായാണ് മുഖ്യമന്ത്രി എത്തിയത്. ഇതിനിടെ വൈകുന്നേരത്തോടെ ഓഫീസിന് പുറത്ത് വന്‍ ജനക്കൂട്ടം തടിച്ചുകൂടി. ഇവരില്‍ ചിലരാണ് ഓഫീസിന് നേരെ കല്ലെറിയാന്‍ തുടങ്ങിയത്. സ്ഥിതി നിയന്ത്രണാതീതമായതോടെ ടൂറയില്‍ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുഖ്യമന്ത്രി സുരക്ഷിതനാണെങ്കിലും അദ്ദേഹത്തിന് ഓഫീസില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിച്ചിട്ടില്ല. ഓഫീസിലേക്കുള്ള റോഡും പ്രതിഷേധക്കാര്‍ തടഞ്ഞു.

Signature-ad

Back to top button
error: