കത്തെഴുതുമ്ബോള്‍ വലിയ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല. നൂറുകണക്കിന് കത്തുകള്‍ മുഖ്യമന്ത്രിക്ക് വരുന്നുണ്ടാവണം. അദ്ദേഹത്തിന് വായിക്കാൻ നേരമുണ്ടാകുമോ എന്ന് പോലും നിശ്ചയമില്ല. എങ്കിലും അവൻ എഴുതി.
” ഞാനൊരു സാധരണ തൊഴിലാളിയുടെ മകനാണ്. ഞാൻ അത്യാവശ്യം പഠിക്കും. പക്ഷെ ഫീസ് നല്കാൻ എന്റെ അച്ഛന് സാധിക്കുന്നില്ല. ഫീസ് നല്കാൻ പണമില്ലാത്തതു കാരണം എന്റെ പഠനം നിന്നുപോകുമോ എന്ന ആശങ്കയിലാണ്. “
കത്തയച്ചിട്ട് ഒരാഴ്ച തികയും മുൻപ് അവന്റെ കോളേജിലെ പ്രിൻസിപ്പാൾക്ക് ഒരു ഫോൺ എത്തി.
” ഹലോ.. ഞാന്‍ ഉമ്മൻ ചാണ്ടിയാണ്. താങ്കളുടെ സ്ഥാപനത്തില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ കത്ത് എനിക്ക് കിട്ടിയിട്ടുണ്ട്.ആ കുടുംബം വലിയ ദുരിതത്തിലാണ്. ഫീസ് ഇല്ലാത്ത കാരണം ആ കുട്ടിയുടെ പഠനം മുടങ്ങരുത്. ഫീസ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അടയ്ക്കും.. “
അവന്റെ പഠനം മുടങ്ങിയില്ല.അവന്റെ ഫീസ് കോളജിന് കൃത്യമായി ലഭിച്ചുകൊണ്ടിരുന്നു.അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞു.
സിവില്‍ സര്‍വ്വീസില്‍ ഉന്നത വിജയം നേടിയ ഒരു വിദ്യാര്‍ത്ഥിയെ ആദരിക്കുന്ന ചടങ്ങാണ്. അവന്റെ നാട്ടില്‍ വെച്ച് അനുമോദിക്കുന്ന ചടങ്ങിലേക്ക് ഉമ്മൻ ചാണ്ടിയെ ക്ഷണിക്കുകയുണ്ടായി. ഉമ്മൻചാണ്ടി യോഗത്തില്‍ പങ്കെടുത്തു. തിരക്കുകള്‍ നിറഞ്ഞ സമയത്തില്‍ വിജയം നേടിയ വിദ്യാര്‍ത്ഥി ആരെന്ന് പോലും അറിയാതെ അദ്ദേഹം അവനെ അഭിനന്ദിച്ചു മടങ്ങി.
ഉമ്മൻചാണ്ടി മടങ്ങിയ ശേഷം വേദിയില്‍ വെച്ച് അനുമോദിക്കപ്പെട്ട വിദ്യാര്‍ത്ഥി മനോഹരമായ ഒരു കഥ പറഞ്ഞു.ആ കഥയാണ് നിങ്ങൾ ഇതുവരെ വായിച്ചത്.
സൗത്ത് ത്രിപുരയുടെ ജില്ലാ കലക്ടറായ സജു വഹീദിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കിയ ഒരു മനുഷ്യന്റെ കഥ.