ഇംഫാല്‍: മണിപ്പുരില്‍ ആള്‍ക്കൂട്ടം രണ്ടു യുവതികളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമത്തിന് വിധേയരാക്കുകയും ചെയ്ത സംഭവം അരങ്ങേറിയത് രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള പുരസ്കാരം നേടിയ സ്റ്റേഷന്റെ തൊട്ടടുത്തെന്ന് റിപ്പോര്‍ട്ട്.
മേയ് നാലിനാണ് കാങ്പോക്പി ജില്ലയിലെ ബി ഫൈനോം ഗ്രാമത്തില്‍ രണ്ടു സ്ത്രീകള്‍ക്കെതിരേ മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം അരങ്ങേറിയത്. ഇതിന് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ അകലെയാണ് നോങ്പോക് സെക്മായി പോലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്. 2020-ലാണ് ഈ സ്റ്റേഷന് രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ടത്.
ഓപ്പണ്‍ സോഴ്സ് സാറ്റലൈറ്റ് ഇമേജറികളുടെ സഹായത്തോടെ ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എല്ലാക്കൊല്ലവും രാജ്യത്തെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പോലീസ് സ്റ്റേഷനുകളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുക്കാറുണ്ട്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, ദുര്‍ബലവിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടങ്ങിയ സൂചികകളുടെ അടിസ്ഥാനത്തിലാണ് മികച്ച സ്റ്റേഷനുകളുടെ തിരഞ്ഞെടുപ്പ് നടത്തുക.
2020-ല്‍ മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി ബിരേന്‍ സിങ്, നൊങ്പോക് സെമായി സ്റ്റേഷനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.