”ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശമില്ല, മറ്റുള്ളവരുടെ ജീവിതത്തില്‍ താല്പര്യവുമില്ല”
സംഗീത സംവിധായകന് ഗോപീ സുന്ദറുമായുള്ള ബ്രേക്കപ്പിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഗായിക അഭയ ഹിരണ്മയി നേരിട്ടിരുന്നത്. ഗോപീ സുന്ദറും ഗായിക അമൃത സുരേഷും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ അഭയയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ കമന്റുകള്‍ നിറഞ്ഞിരുന്നു. അഭയ പങ്കുവെച്ച പോസ്റ്റുകള്‍ പലതും ഗോപീ സുന്ദര്‍-അമൃത സുരേഷ് ബന്ധത്തെ ഉദ്ദേശിച്ചുള്ളതാണ് എന്നു പറഞ്ഞുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഭയ ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച നീണ്ട കുറിപ്പിലൂടെയാണ് അഭ്യൂഹങ്ങള്‍ക്ക് അഭയ മറുപടി നല്‍കിയിരിക്കുന്നത്.
സന്തോഷത്തിലും സമാധാനത്തിലും എത്തിച്ചേരാന്‍ തന്റെ സ്വന്തം ഈണത്തിലും വേഗത്തിലും ചുവടുകള്‍ വെക്കുന്നു എന്ന ആമുഖത്തോടെയാണ് അഭയ കുറിപ്പ് പങ്കുവെച്ചത്. മറ്റുള്ളവരുടെ ജീവിതത്തില്‍ തനിക്ക് തീരെ താല്പര്യമില്ല എന്നും തനിക്ക് തന്റേതായ ജോലികള്‍ ചെയ്തുതീര്‍ക്കാനും നേട്ടങ്ങള്‍ കീഴടക്കാനും ഉണ്ടെന്നും അഭയ കുറിച്ചു.
തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലെ പോസ്റ്റുകളെയും സ്റ്റോറികളെയും മറ്റുള്ളവരുടെ ജീവിതവുമായി ബന്ധിപ്പിക്കുന്നത് കഷ്ടമാണെന്നും അഭയ കുറിച്ചു. ആരെയും വേദനിപ്പിക്കാനുള്ള യാതൊരു ഉദ്ദേശവും തനിക്കില്ല. തന്റെ ജീവിതത്തെ സ്നേഹിക്കുന്നുണ്ട്. നിങ്ങളുടെ ജീവിതം ജീവിക്കൂ എന്നും തന്നെ ജീവിക്കാന്‍ അനുവദിക്കൂ എന്നും അഭയ കുറിച്ചു. ജീവിതങ്ങളെ വളച്ചൊടിച്ച് വഴിതിരിക്കരുത് എന്നും അഭയ പറയുന്നുണ്ട്.
ഇപ്പോഴാണ് താന്‍ സ്വയം സ്നേഹിക്കാന്‍ പഠിച്ചതെന്നും സ്നേഹം പകുത്തുകൊടുക്കുന്നതില്‍ എപ്പോഴും കണ്‍ഫ്യൂസ്ഡ് ആയിരുന്നു എന്നും മുമ്പ് അഭയ തുറന്നുപറഞ്ഞിരുന്നു. താന്‍ ആര്‍ക്കാണ് സ്നേഹം കൊടുക്കേണ്ടത്, ആരെയാണ് കൂടുതല്‍ സ്നേഹിക്കേണ്ടത് എന്ന് ചിലസമയത്ത് മറന്നുപോയിട്ടുണ്ട്. എപ്പോഴും മറ്റുള്ളവര്‍ക്ക് കൊടുക്കേണ്ട സ്നേഹത്തെ പറ്റിയാണ് ചിന്തിച്ചുകൊണ്ടിരുന്നതെന്നും ആ ചിന്ത ശരിയല്ല എന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു എന്നുമാണ് അഭയ പറഞ്ഞത്.