വെല്ലിങ്ടണ്‍: 2023 വനിതാ ഫുട്ബോള്‍ ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് ന്യൂസീലന്‍ഡില്‍ വെടിവെപ്പ്. ഉദ്ഘാടന മത്സരം നടക്കുന്ന ഓക്ക്ലന്‍ഡിലാണ് വെടിവെപ്പുണ്ടായത്. രണ്ടുപേര്‍ കൊല്ലപ്പെട്ടു. ലോകകപ്പില്‍ പങ്കെടുക്കാനെത്തിയ താരങ്ങള്‍ താമസിച്ച ഹോട്ടലിന്റെ തൊട്ടടുത്താണ് വെടിവെപ്പുണ്ടായത്. താരങ്ങളെല്ലാവരും സുരക്ഷിതരാണെന്ന് ന്യൂസീലന്‍ഡ് പോലീസ് അറിയിച്ചു.
യുണൈറ്റഡ് സ്റ്റേറ്റ്സ്, ഫിലിപ്പീന്‍സ്, നോര്‍വേ എന്നീ ടീമുകള്‍ താമസിച്ച ഹോട്ടലിന് സമീപമാണ് വെടിവെയ്പ്പുണ്ടായത്. വനിതാ ലോകകപ്പിന് ന്യൂസീലന്‍ഡും ഓസ്ട്രേലിയയുമാണ് വേദിയാകുന്നത്. ഉദ്ഘാടന മത്സരത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ് വെടിവെയ്പ്പുണ്ടായത്. വെടിവെയ്പ്പിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ആശങ്കപ്പെടാനൊന്നുമില്ലെന്നും ടൂര്‍ണമെന്റ് മുന്‍കൂട്ടി നിശ്ചിയച്ച പ്രകാരം നടക്കുമെന്നും ന്യൂസീലന്‍ഡ് സര്‍ക്കാര്‍ അറിയിച്ചു. വനിതാ ലോകകപ്പിന്റെ ഒന്‍പതാം പതിപ്പിനാണ് ഇന്ന് ഓസ്ട്രേലിയയിലും ന്യൂസീലന്‍ഡിലുമായി തുടക്കമാകുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 ന് ഓക്ക്ലന്‍ഡിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ന്യൂസീലന്‍ഡ് മുന്‍ ചാമ്പ്യന്മാരായ നോര്‍വെയെ നേരിടും. 32 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ പങ്കെടുക്കുന്നത്.