കൊച്ചി: കോട്ടയം തിരുവാര്‍പ്പില്‍ ബസുടമ രാജ്‌മോഹനനെ ആക്രമിച്ച സിഐടിയു നേതാവിനോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവ്. പോലീസ് സംരക്ഷണത്തിലുള്ള ഉത്തരവ് നിലനില്‍ക്കെയാണ് ബസുടമ ആക്രമിക്കപ്പെട്ടത്. ജില്ലാ മോട്ടോര്‍ മെക്കാനിക്ക് വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) നേതാവ് കെആര്‍ അജയ്ക്കാണു കോടതി നിര്‍ദ്ദേശം. സ്വമേധയാ കക്ഷി ചേര്‍ത്താണ് നേരിട്ട് ഹാജരാകാന്‍ ജസ്റ്റിസ് എന്‍ നഗരേഷ് നിര്‍ദ്ദേശം നല്‍കിയത്.
പോലീസ് സംരക്ഷണ ഉത്തരവ് നിലനില്‍ക്കെ ബസുടമയെ അജയ് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ സ്വമേധയാ എടുത്ത കോടതിയലക്ഷ്യ ഹര്‍ജിയാണ് സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. ഓഗസ്റ്റ് രണ്ടിനു വിഷയം കോടതി വീണ്ടും പരിഗണിക്കും.
പോലീസിനുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷിച്ച ഡിവൈഎസ്പിയും കുമരകം എസ്എച്ച്ഒയും ബുധനാഴ്ച കോടതിയില്‍ ഹാജരായിരുന്നു. ഇവര്‍ ഇനി ഹാജാരാകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയായെന്നും അന്തിമ റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ നല്‍കുമെന്നും സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ടിബി ഹൂദ് വിശദീകരിച്ചു.
പോലീസ് വീഴ്ചയെക്കുറിച്ചുള്ള അന്വേഷണം എന്തായി എന്ന് കോടതി ആരാഞ്ഞു. ഇന്‍സ്‌പെക്ടര്‍ അടക്കമുള്ള പോലീസ് സ്ഥലത്തുണ്ടായിരുന്നുവെന്നും അപ്രതീക്ഷിത ആക്രമണമാണ് ഉണ്ടായതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. തുടര്‍ന്നാണ് കോടതി സിഐടിയു നേതാവിനെ കക്ഷി ചേര്‍ത്ത് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
ബസുടമയുടെ നാല് ബസുകള്‍ക്കും തടസമില്ലാതെ സര്‍വീസ് നടത്താന്‍ പോലീസ് സംരക്ഷണം നല്‍കണമെന്നായിരുന്നു സംഗിള്‍ ബെഞ്ച് ജൂണ്‍ 23നു ഉത്തരവിട്ടത്. പിന്നാലെയാണ് ബസുടമയെ സിഐടിയു നേതാവ് അടിച്ചത്. പിന്നാലെ ജില്ലാ പോലീസ് മേധാവി അടക്കമുള്ളവരെ വിളിച്ചുവരുത്തിയ കോടതി ബസുടമയ്ക്കല്ല കോടതിക്കാണ് അടി കൊണ്ടത് എന്ന് വാക്കാല്‍ അഭിപ്രായപ്പെട്ടിരുന്നു.