വിവാഹമോചനത്തെക്കുറിച്ച് ഗായിക അഞ്ജു ജോസഫ്: ‘എന്റെ പങ്കാളിയെ ഞാൻ തന്നെ കണ്ടുപിടിച്ചതാണ്, ബന്ധം തുടരണമെന്നു വാശിയായിരുന്നു, പക്ഷേ വേർപിരിയേണ്ടി വന്നു’
അഞ്ജു ജോസഫ് എന്ന ഗായികയുടെ രംഗപ്രവേശം ‘ഐഡിയ സ്റ്റാർസിംഗറി’ലൂടെയാണ്. പിന്നീട് ആൽബങ്ങളും ഭക്തിഗാനങ്ങളും ആലപിച്ച് ശ്രദ്ധ നേടി. അതിനിടെ ചില സിനിമകളിലും മുഖം കാണിച്ചു. ‘ഡോക്ടർ ലൗ’ എന്ന ചിത്രത്തിനായി വയലാർ ശരത്ചന്ദ്രവർമ രചിച്ച ‘നന്നാവൂല്ല നന്നാവൂല്ല’ എന്ന ഗാനം ആലപിച്ചു കൊണ്ട് അഞ്ജു സിനിമയിലെത്തി. തുടർന്നും നിരവധി സിനിമകളിൽ പാടി.
ഇതിനിടെ ടെലിവിഷൻ ഷോ ഡയറക്ടറായ അനൂപ് ജോണിനെ അഞ്ജു വിവാഹം ചെയ്തു. പക്ഷേ ആ ദാമ്പത്യത്തിന് ഏറെ ആയുസ്സുണ്ടായില്ല. കുറച്ച് കാലമായി ഇരുവരും അകന്ന് ജീവിക്കുകയാണ്. വിവാഹമോചിതയായി എന്ന കാര്യം താരം ഈയിടെയാണ് പുറം ലോകത്തോട് തുറന്ന് പറഞ്ഞത്.
വിവാഹബന്ധം നിയമപരമായി വേർപെടുത്തിയതിനെക്കുറിച്ചു വെളിപ്പെടുത്തിയ അഞ്ജു ജോസഫ്. വിവാഹമോചനത്തിനു ശേഷം പുറത്തിറങ്ങി നടക്കുന്നതോർത്ത് ഏറെ ഭയപ്പെട്ടിരുന്നെന്നും എന്നാൽ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതെല്ലാം അവഗണിക്കുകയാണു വേണ്ടതെന്നും പറഞ്ഞു. വിവാഹമോചനത്തോടെ ഒന്നും അവസാനിക്കുകയല്ലെന്നും അതിനു ശേഷം ഒരു ജീവിതമുണ്ടെന്നും കൂട്ടിച്ചേർത്ത അഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ:
“എന്ത് കാരണം കൊണ്ടായാലും ഒരു ബന്ധം അവസാനിപ്പിക്കുന്നത് വേദന തന്നെയാണ്. മാതാപിതാക്കളുമായോ സുഹൃത്തുക്കളുമായോട പങ്കാളികളുമായോ, ഏതു വേർപിരിയലും വേദനാജനകമാണ്. വേർപിരിയൽ എളുപ്പമാണെന്നു ചിലർ പറയാറുണ്ട്. അതുപക്ഷേ വെറും തെറ്റിദ്ധാരണ മാത്രമാണ്. ഒരുമിച്ച് ജീവിക്കുന്നതാണ് ബുദ്ധിമുട്ടെന്നും ചിലർ പറയും. പക്ഷേ അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയ ആർക്കും അങ്ങനെ പറയാൻ സാധിക്കില്ല. വേർപിരിയൽ ഒരാളെ മാത്രമല്ല രണ്ടുപേരെയും ബാധിക്കും. പക്ഷേ ബന്ധം അവസാനിപ്പിക്കുന്നതിലൂടെയേ നിങ്ങൾക്കു സന്തോഷം കിട്ടുകയുള്ളു എന്നുണ്ടെങ്കിൽ അങ്ങനെ തന്നെ ചെയ്യുന്നതാണു നല്ലത്. വിവാഹമോചനത്തിനു ശേഷവും ഒരു ജീവിതമുണ്ട്.
നാം ഒരാളെ സ്നേഹിക്കുന്നത് ഒരുപാട് ആഴത്തിലായിരിക്കും. അയാളും അങ്ങനെ തന്നെയായിരിക്കാം. അയാൾ ഇല്ലാതെ ജീവിക്കാൻ പറ്റില്ലെന്ന അവസ്ഥയുണ്ടാകും. സ്നേഹിക്കുന്നയാൾ നമ്മെ വിട്ടുപോകുമോ എന്ന ഭയം ഉണ്ടായിരിക്കും എല്ലാവർക്കും. പക്ഷേ സന്തോഷത്തോടെ ആ ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെങ്കിൽ അത് അവസാനിപ്പിക്കുക തന്നെയാണു നല്ലത്. ചിലർ അതിൽ തന്നെ വീണ്ടും തുടരാൻ ശ്രമിക്കും. അവർ അതിൽ ഓകെയാണെങ്കിൽ അങ്ങനെ ചെയ്യട്ടെ.
ഞാൻ തന്നെയാണ് എന്റെ പങ്കാളിയെ കണ്ടുപിടിച്ചത്. അതുകൊണ്ടുതന്നെ എന്തൊക്കെ പ്രശ്നമുണ്ടായാലും ആ ബന്ധം തുടരണമെന്നു തന്നെയാണ് ഞാൻ ആഗ്രഹിച്ചത്. അത് എന്റെ വാശിയായിരുന്നു. ആ ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ ഞാൻ തന്നെ എനിക്കു മേൽ സമ്മർദം ചെലുത്തിയിരുന്നു. മറ്റാരും അക്കാര്യത്തിൽ എന്നെ നിർബന്ധിച്ചിട്ടില്ല. പക്ഷേ ഒരു പങ്കാളിയില്ലാതെ ഞാൻ ജീവിക്കുന്നതിനെക്കുറിച്ച് എന്റെ അമ്മയ്ക്കു ചിന്തിക്കാനേ ആകുമായിരുന്നില്ല.
ഡിവോഴ്സ് എന്ന വാക്കിനോടു തന്നെ എനിക്കു ഭയമായിരുന്നു. സാമൂഹ്യപരമായി അത് എങ്ങനെ ബാധിക്കും? ഞാൻ എങ്ങനെ പുറത്തിറങ്ങി നടക്കും? എന്റെ മാതാപിതാക്കൾ എങ്ങനെ മറ്റുള്ളവരെ ഫേസ് ചെയ്യും? ഇതൊക്കെയായിരുന്നു ചിന്ത. പരിചയക്കാർ എന്നെ എങ്ങന വിലയിരുത്തുമെന്നു ഞാൻ ഭയന്നു. എന്നാൽ വേണ്ടപ്പെട്ടവർ നമ്മെ പഴയതുപോലെയേ കാണൂ എന്നും വിവാഹമോചനത്തിനു ശേഷവും ഒന്നും മാറില്ലെന്നും, അതിനു ശേഷം ഒരു ജീവിതമുണ്ടെന്നും ഞാൻ മനസ്സിലാക്കി. പുറത്തു നിന്നു പലരും പലതും പറയും. അതൊക്കെ അവഗണിക്കുക. എന്റെ ജീവിതം ഞാൻ ജീവിച്ചു തീർക്കും.”