ന്യൂഡല്‍ഹി: രാജ്യത്തിന്റെ മുഴുവന്‍ ആശയാഭിലാഷങ്ങള്‍ നിറവേറ്റാന്‍ പ്രാപ്തിയുള്ള കൂട്ടായ്മയാണ് ദേശീയ ജനാധിപത്യ സഖ്യമെന്നും ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എന്‍ഡിഎയ്ക്കു തുടര്‍ഭരണമുണ്ടാകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 38 പാര്‍ട്ടികള്‍ പങ്കെടുത്ത എന്‍ഡിഎ കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു മോദി. 2024 ല്‍ വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള സാഹചര്യം രാജ്യത്തുണ്ടെന്നും അതു ലക്ഷ്യമിട്ട് ഏകോപനത്തോടെയുള്ള പ്രവര്‍ത്തനം നടത്താനും യോഗം തീരുമാനിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
കാലത്തിന്റെ പരീക്ഷണങ്ങള്‍ അതിജീവിച്ച സഖ്യമാണ് എന്‍ഡിഎ എന്ന് യോഗത്തിനു മുന്‍പ് മോദി ട്വീറ്റ് ചെയ്തു. കുടുംബാധിപത്യവും അഴിമതിയും മാത്രം ലക്ഷ്യമിട്ടാണ് പ്രതിപക്ഷ കക്ഷികള്‍ ഇപ്പോള്‍ സഖ്യമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, എന്‍സിപി നേതാക്കളായ അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍, അണ്ണാഡിഎംകെ നേതാവ് എടപ്പാടി പളനിസാമി, മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് ബിഡിജെഎസ്, കാമരാജ് കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുത്തു. ബിജെപിക്കു പുറമേ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 37 പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്. നേരത്തേ ബിഹാര്‍ വിഷയത്തില്‍ എന്‍ഡിഎ വിട്ട ചിരാഗ് പസ്വാനും യോഗത്തില്‍ പങ്കെടുത്തു.
പ്രതിപക്ഷത്തിന്റെ മന്ത്രം കുടുംബാധിപത്യത്തിന്റേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. കുടുംബത്തിനു വേണ്ടി കുടുംബം നടത്തുന്ന ഭരണമെന്നതാണ് അവരുടെ ലക്ഷ്യമെന്ന് അദ്ദേഹം ആരോപിച്ചു. പോര്‍ട് ബ്ലെയറിലെ വീര്‍ സവര്‍ക്കര്‍ എയര്‍പോര്‍ട്ടിന്റെ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.