KeralaNEWS

അച്ഛനമ്മമാർ ഇല്ലതിരുന്ന സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ കള്ളനെ തേങ്ങ കൊണ്ട് തുരത്തി ഓടിച്ചോടിച്ച  കൊച്ചു മിടുക്കി, അനഘക്ക് അഭിനന്ദനപ്രവാഹം

  അച്ഛനും അമ്മയും വീട്ടിൽ നിന്നിറങ്ങിയ ശേഷം അടുക്കളവാതിൽ അടയ്ക്കാൻ ചെന്നപ്പോഴാണ് അനഘ, കത്തിയുമായി  മുന്നിലെത്തിയ അജ്ഞാതനെ കണ്ടത്. വാതിലിന് പിറകിൽ ഒളിച്ചുനിന്നിരുന്ന അയാൾ പൊടുന്നനെ അവളുടെ കഴുത്തിനു നേരെ കത്തിവീശി.

രണ്ടുതവണ കത്തി വീശിയതോടെ അനഘ കൈകൊണ്ട് തടയാൻ ശ്രമിച്ചു. കൈ മുറിഞ്ഞു. ഈ തക്കത്തിന് അയാൾ അവളുടെ വാ പൊത്തിപ്പിടിച്ചു. കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ അനഘ ഒടുവിൽ അടവുകൾ പ്രയോഗിച്ചു തുടങ്ങി.

Signature-ad

തന്റെ പ്രയോഗത്തിൽ നിന്നു തെന്നിമാറിയ അയാൾക്കുനേരെ കയ്യിൽ കിട്ടിയ തേങ്ങയും ആയുധമാക്കി അവൾ. തലയിൽ തേങ്ങകൊണ്ടുള്ള അടിയേറ്റതോടെ പ്രാണനുവേണ്ടി രക്ഷപ്പെട്ടോടി കള്ളൻ.
വീടിന്റെ മതിലും ചാടിക്കടന്നാണ് അയാൾ ഓടിയത്.

സംഭവം സിനിമാക്കഥയല്ല. നമ്മുടെ കൊച്ചിയിൽ ഇന്നലെ രാവിലെ നടന്നതാണ്. കൊച്ചി ഹിൽപാലസിനടുത്ത് പറപ്പിള്ളി റോഡിൽ ശ്രീനിലയത്തിലെ അരുൺ- നിഷ ദമ്പതികളുടെ മകളാണ് പ്ലസ് വൺ വിദ്യാർത്ഥിയായ അനഘ.

ബിസിനസുകാരനായ അരുണും കരിങ്ങാച്ചിറയിൽ ഐഇഎൽടിഎസ് സ്ഥാപനം നടത്തുന്ന നിഷയും ജോലിക്കായി രാവിലെ പുറത്തിറങ്ങിയ ശേഷമാണ് സംഭവങ്ങൾ നടന്നത്. അനഘയുടെ ആത്മധൈര്യത്തെയാണ് ഇപ്പോൾ സമൂഹവും സമൂഹമാധ്യമങ്ങളും പ്രശംസിക്കുന്നത്.

അക്രമിയെ കണ്ട് ആദ്യമൊന്ന് പകച്ചു. അയാളുടെ അക്രമരീതികൾ ഭയപ്പെടുത്തി. ജീവനരക്ഷാ കരുതലുകൾ പ്രയോഗിക്കാൻ പെട്ടെന്ന് തുനിയേണ്ടി വന്നതും അതുകൊണ്ടാണെന്ന് അനഘ പറയുന്നു. അയാൾ വീശിയ കത്തി കഴുത്തിൽ തട്ടിയിരുന്നെങ്കിൽ സ്ഥിതി മറിച്ചാവുമായിരുന്നു.

വാ പൊത്തിപ്പിടിച്ച സമയത്തും നന്നേ ശ്വാസം മുട്ടി. അപ്പോഴാണ് കരാട്ടെ അഭ്യാസമുറ പ്രയോഗിക്കേണ്ടിവന്നത്. 10 വർഷമായി കരാട്ടെ അഭ്യസിക്കുന്നുണ്ട് അനഘ. തൃപ്പൂണിത്തുറ ഗവ.ഗേൾസ് ഹൈസ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.

പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി ഹിൽപാലസ് പൊലീസ് അനഘയുടെ വീട്ടിലെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു.

രണ്ടു ദിവസമായി കള്ളൻ ഈ മേഖലയിൽ കറങ്ങി നടക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ആക്രമണത്തിനിടെ ഇയാളിൽ നിന്ന് ശബ്ദമൊന്നും ഉണ്ടായില്ല. രൂപമനുസരിച്ച് ഇതര സംസ്ഥാനക്കാരനാണ് എന്നാണ് സംശയം

Back to top button
error: