
അനുകമ്പയും കാരുണ്യവും അത്യാവശ്യമുള്ള കാസര്‍കോട്ടെ ജനങ്ങളെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് സാമൂഹ്യ പ്രവര്‍ത്തക ദയാബായി ആരോപിച്ചു. എന്തുകൊണ്ടാണ് ജില്ലയോട് ഇത്രമാത്രം അവഗണന കാട്ടുന്നത്. കാസര്‍കോടിന്റെ ആരോഗ്യ മേഖലയോട് കാട്ടുന്ന സമീപനത്തില്‍ അധികൃതരെ നരഹത്യാ കുറ്റത്തിന് പ്രതികളാക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.
തിരുവനന്തപുരത്ത് നടത്തിയ സമരത്തെത്തുടര്‍ന്ന് മന്ത്രിമാര്‍ നല്‍കിയ ഉറപ്പുകളില്‍ വളരെ കുറച്ച് മാത്രമാണ് പാലിച്ചത്. കാസര്‍കോട് മെഡിക്കല്‍ കോളജ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കണം. ഒരു അടിസ്ഥാന സൗകര്യവും ഇവിടെ ഒരുക്കിയിട്ടില്ല. തറക്കല്ലിട്ട് 10 വര്‍ഷം പിന്നിട്ടിട്ടും മെഡിക്കല്‍ കോളജ് എന്ന പേരില്‍ ഒ.പിയുടെ പ്രവര്‍ത്തനം മാത്രമാണ് ഇപ്പോഴിവിടെ ഉള്ളതെന്നും ദയാബായി കൂട്ടിച്ചേര്‍ത്തു. കാസര്‍കോടിനെ അവഗണിച്ച് എട്ട് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും മൂന്ന് മെഡിക്കല്‍ കോളജുകളുമുള്ള പ്രദേശത്ത് എയിംസ് സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന് പിന്നില്‍ വേറെന്തെക്കെയോ താത്പര്യങ്ങളാണെന്നും ദയാബായി ആരോപിച്ചു.
കാസര്‍കോട് മെഡിക്കല്‍ കോളജിനോടുള്ള അവഗണനയ്ക്കെതിരെ ജൂലൈ 29ന് പ്രധിഷേധ സൂചകമായി മൂവ്‌മെന്റ് ഫോര്‍ ബെറ്റര്‍ കേരളയുടെ നേത്രൃത്വത്തില്‍ ഏകദിന നിരാഹാര സമരം സംഘടിപ്പിക്കും. ഇതേ തുടർന്ന് ദയാബായി വീണ്ടും സമരത്തിനിറങ്ങും.
തിരുവനന്തപുരത്ത് സമരം അവസാനിപ്പിക്കുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളില്‍, നാമമാത്രമായി അമ്മയും കുഞ്ഞും ആശുപത്രി തുറന്നത് ഒഴികെ ഒന്നും നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് ദയാബായി തുടര്‍സമരത്തിന് ഇറങ്ങുന്നത്. സമരം നിര്‍ത്തിയിട്ട് ഒന്‍പത് മാസം കഴിഞ്ഞിട്ടും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്താന്‍ കാംപ് നടത്താന്‍ പോലും സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും ദയാബായി കൂട്ടിച്ചേര്‍ത്തു.






