ചൈനയിലെ വുഹാനില്‍ നിന്ന് പടര്‍ന്ന കൊറോണ വൈറസ് ഇന്നും ലോകരാജ്യങ്ങളൊട്ടാകെ വ്യാപിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇപ്പോഴിതാ അതിവേഗം പടരുന്ന വൈറസ് കൂടി പ്രത്യക്ഷപ്പെട്ടു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. പുതിയതായി ബ്രിട്ടനിലാണ് ഇവയെ കണ്ടെത്തിയത്. ലണ്ടനില്‍ നിന്ന് റോമിലേക്ക് എത്തിയ ദമ്പതികളില്‍ ഒരാള്‍ക്കാണ് രോഗം. രോഗി ഇപ്പോള്‍ നിരീക്ഷണത്തിലാണ്.
ആദ്യ വൈറസിനെക്കാള്‍ 70 ശതമാനമധികം വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് പുതിയ വൈറസെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പറഞ്ഞു. അതേസമയം, ഏറെ മാരകമായി മരണത്തിന് ഇടയാക്കുന്നതാണോ എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല. പുതിയ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയും മുന്നൊരുക്കം തുടങ്ങി.
ബ്രിട്ടന് പിന്നാലെ ഇറ്റലിയിലും രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അടിയന്തരയോഗം വിളിച്ചിരിക്കുകയാണ്.
സമാനസ്വഭാവമുള്ള വൈറസിന്റെ സാന്നിധ്യം ആസ്ത്രേലിയയിലും ഡെന്മാര്ക്കിലും നെതര്‍ലാന്‍ഡ്സിലും പടരുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. തെക്കുകിഴക്കന്‍ ഇംഗ്ലണ്ടില്‍ ഇതോടെ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബ്രിട്ടനുമായി ചര്‍ച്ചചെയ്തുവരുകയാണെന്ന് ഡബ്ല്യുഎച്ച്ഒ പ്രതികരിച്ചു.
വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ ജനുവരി ഒന്നുവരെ ബ്രിട്ടനില്‍ നിന്നുള്ള വിമാനയാത്രയ്ക്ക് നെതര്‍ലന്‍ഡ്സ് വിലക്കേര്‍പ്പെടുത്തി. സമാന വൈറസിന്റെ സാന്നിധ്യം രാജ്യത്തു നടത്തിയ പരിശോധനയിലും ചിലരില്‍ കണ്ടെത്തിയതോടെയാണ് നെതര്‍ലന്‍ഡ്സിന്റെ നടപടി. വൈറസിന്റെ അപകടനില കൈകാര്യം ചെയ്യുന്നതില്‍ യൂറോപ്യന്‍ യൂണിയനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഡച്ച് സര്‍ക്കാര്‍ അറിയിച്ചു.
ബെല്‍ജിയം ഞായറാഴ്ച അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്കും യാത്ര വിലക്കിയിട്ടുണ്ട്. ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, അയര്‍ലന്‍ഡ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളും വിലക്ക് ഏര്‍പ്പെടുത്തിയേക്കുമെന്നാണ് അറിയുന്നത്. സമയം പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോള്‍ സൗദിയും യാത്രാവിലക്ക് ഏര്‍പ്പെടുത്തി. രാജ്യാന്തരവിമാനങ്ങള്‍ക്കും കര,നാവിക, വ്യോമാതിര്‍ത്തികള്‍ അടച്ചുമാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ വിലക്ക് ഒരാഴ്ചത്തേക്കാണെന്നും അത് ആവശ്യമെങ്കില്‍ നീട്ടുമെന്നും സൗദി വാര്‍ത്ത ഏജന്‍സി അറിയിച്ചു. നിലവില്‍ സൗദിയിലുളള വാര്‍ത്ത ഏജന്‍സികള്‍ക്ക് അത് ബാധകമല്ല.
ലോകത്ത് ആദ്യം ആയി വാക്സിന് ഉപയോഗിച്ച രാജ്യമാണ് ബ്രിട്ടന്. ബ്രിട്ടനില്‍ തന്നെ അതിവേഗ വൈറസ് കണ്ടെത്തിയ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളുമായി മുന്നോട്ടു പോവുകയാണ് ലോകരാജ്യങ്ങള്‍.