KeralaNEWS

”യെച്ചൂരി കാപട്യത്തിന്റെ അപ്പോസ്തലന്‍; മുസ്ലിംങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാന്‍ സിപിഎം ശ്രമം”

തിരുവനന്തപുരം: സിപിഎം മുസ്ലിം സമുദായത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വ്യക്തിനിയമങ്ങളില്‍ മാറ്റം വരണമെന്ന് ഇഎംഎസിന്റെ കാലം മുതല്‍ ആവശ്യപ്പെടുന്ന സിപിഎം ഇപ്പോള്‍ യൂടേണ്‍ അടിച്ചത് വോട്ട് ബാങ്കില്‍ കണ്ണു വെച്ചാണ്. കേരളത്തില്‍ മതധ്രുവീകരണം നടത്തി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് അവര്‍ കോഴിക്കോട് സെമിനാര്‍ നടത്തിയതെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

സീതാറാം യെച്ചൂരി കാപട്യത്തിന്റെ അപ്പോസ്തലനാണ്. ഒരു മതവിഭാഗത്തിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്തേണ്ടത് അവര്‍ തന്നെയാണെന്നാണ് സീതാറാം യെച്ചൂരി കോഴിക്കോട് പറഞ്ഞത്. എന്നാല്‍ ശബരിമലയിലെ ആചാരങ്ങള്‍ മാറ്റാനായിരുന്നു പിണറായി സര്‍ക്കാരിനും സിപിഎമ്മിനും ധൃതിയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഇനിയെങ്കിലും അയ്യപ്പഭക്തന്‍മാരോട് മാപ്പ് പറയാന്‍ സിപിഎമ്മും സംസ്ഥാന സര്‍ക്കാരും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Signature-ad

അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തി മുസ്ലിംങ്ങളെ ഭയപ്പെടുത്തി കൂടെ നിര്‍ത്താനാണ് കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നത്. വര്‍ഗീയ കലാപമുണ്ടാക്കുന്ന പ്രചരണത്തില്‍ നിന്നും മാര്‍കിസ്റ്റ് പാര്‍ട്ടി വിട്ടു നില്‍ക്കണം. കേരളത്തില്‍ മോദി സര്‍ക്കാരിന്റെ വികസനവും ജനക്ഷേമനയങ്ങളും ചര്‍ച്ചയാകാതിരിക്കാനാണ് ഇത്തരം ക്യാമ്പയിന്‍ നടത്താന്‍ സിപിഎം മുന്നിട്ടിറങ്ങുന്നത്. എന്നാല്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പും കപടതയും കേരളം തിരിച്ചറിയുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ഇന്നലെ കോഴിക്കോട് നടന്ന സിപിഎം സെമിനാറില്‍ ഏകീകൃത സിവില്‍ കോഡ് ഇപ്പോള്‍ നടപ്പിലാക്കാനുള്ള ബിജെപിയുടെ നീക്കം രാഷ്ട്രീയ അജണ്ടയാണെന്നായിരുന്നു സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചത്. വര്‍ഗീയ അജണ്ടയാണ് യുസിസി ഉയര്‍ത്തുന്നത്. ഏകത്വവും സമത്വവും ഒന്നല്ല. പരിഷ്‌കരണങ്ങള്‍ നടപ്പാക്കേണ്ടത് ചര്‍ച്ചകളിലൂടെയാണെന്നും യെച്ചൂരി പറഞ്ഞിരുന്നു.

Back to top button
error: