LocalNEWS

വൈക്കം സത്യഗ്രഹം നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായം: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: നാടിന്റെ നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ് വൈക്കം സത്യഗ്രഹമെന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കേരള സാഹിത്യ അക്കാദമി വൈക്കം സത്യഗ്രഹ മെമ്മോറിയലിൽ സംഘടിപ്പിച്ച ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കലയ്ക്കും സാഹിത്യത്തിനും സാധിക്കുന്നതു പോലെ മറ്റൊന്നിനും ആവില്ലെന്നും മന്ത്രി പറഞ്ഞു. വൈക്കം സത്യഗ്രഹത്തിന് തൊട്ടുമുമ്പാണ് കുമാരനാശാൻ ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയും എഴുതിയത്. ഈ രണ്ടുകൃതികളും വൈക്കം സത്യഗ്രഹത്തിന്റെ സമരാങ്കണങ്ങളിലേക്ക് ഒരു സമൂഹത്തെ നയിക്കാൻ പ്രാപ്തിയുള്ള നവോത്ഥാനത്തിന്റെ കാവ്യഭാവനകളായി മാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വൈക്കം സത്യഗ്രഹം എന്തായിരുന്നുവെന്ന് പുതിയ തലമുറയ്ക്ക് പകർത്തിക്കൊടുക്കാൻ കഴിയുന്ന രീതിയിൽ മാറ്റിത്തീർക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും മന്ത്രി പറഞ്ഞു. നവതിയിലെത്തിയ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർക്ക് മന്ത്രി ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.

Signature-ad

കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി.കെ. ആശ എം.എൽ.എ. മുഖ്യാതിഥിയായിരുന്നു. കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷൻ അശോകൻ ചരുവിൽ മുഖ്യപ്രഭാഷണം നടത്തി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ, സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം കുര്യാസ് കുമ്പളക്കുഴി, എസ്.പി.സി.എസ്. പ്രസിഡന്റ് അഡ്വ. പി.കെ.ഹരികുമാർ, സംഘാടകസമിതി ചെയർമാൻ അഡ്വ. അംബരീഷ് ജി. വാസു എന്നിവർ പ്രസംഗിച്ചു. തുടർന്ന് വൈക്കം സത്യഗ്രഹത്തിന്റെ സ്വാധീനം മലയാളസാഹിത്യത്തിൽ എന്ന വിഷയത്തിലും വൈക്കം സത്യഗ്രഹവും സാമൂഹ്യപരിവർത്തനവും എന്ന വിഷയത്തിലും സെമിനാറുകൾ നടന്നു.

Back to top button
error: