കോട്ടയം: കേരള സർക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫേഴ്സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘ഗോൾ’ ഗ്രാസ് റൂട്ട് ഫുട്ബോൾ പരിശീലന പദ്ധതിയുടെ പരിശീലകർക്കുള്ള രണ്ടാംഘട്ട പരിശീലന പരിപാടി കോട്ടയത്ത് നടന്നു. എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലയിലെ പരിശീലകർക്കാണ് പരിശീലനം നൽകിയത്. കോട്ടയം സിറ്റിസൺ ക്ലബിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റും മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനുമായ യു. ഷറഫലി നിർവഹിച്ചു.
കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ബൈജു വർഗീസ് ഗുരുക്കൾ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്പോർട്സ് കേരളാ ഫൗണ്ടേഷൻ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്റർ ആർ. രാജീവ്, സ്പോർട്സ് കേരളാ ഫൗണ്ടേഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ കെ. അജയകുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി മായാദേവി, മുൻ ഇന്ത്യൻ താരങ്ങളായ കെ.ടി. ചാക്കോ, പി.പി. തോബിയാസ്, കുരികേശ് മാത്യൂ തുടങ്ങിയവരും മുൻ ദേശീയ, രാജ്യാന്തരതാരങ്ങളും പരിശീലകരും പങ്കെടുത്തു. സ്പോർട്സ് കേരള ഫൗണ്ടേഷനും കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലും സംയുക്തമായിയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
ചെറുപ്രായത്തിൽ ഫുട്‌ബോളിൽ ശാസ്ത്രീയ പരിശീലനം നൽകുക എന്നതാണ് ഗോൾ പദ്ധതിയുടെ ലക്ഷ്യം. അഞ്ചുവർഷം അഞ്ചു ലക്ഷം കുട്ടികൾക്ക് ഫുട്‌ബോൾ പരിശീലനം നൽകുന്ന പദ്ധതി കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്. ആദ്യഘട്ടം 1000 കേന്ദ്രങ്ങളിലായി ഒരുലക്ഷം പേർക്ക് പരിശീലനം നൽകി. രണ്ടാം ഘട്ടത്തിൽ, വിദഗ്ധ പരിശീലനത്തിന് 140 നിയോജകമണ്ഡലങ്ങളിൽ ഓരോ കേന്ദ്രം വീതം ആരംഭിച്ചിട്ടുണ്ട്. പത്തിനും 12 വയസിനും ഇടയിൽ പ്രായമുള്ള തെരഞ്ഞെടുത്ത 30 കുട്ടികൾക്ക് വീതം ഓരോ കേന്ദ്രത്തിലും പരിശീലനം നൽകും.