ന്യൂഡല്‍ഹി: വിപണിയില്‍ തക്കാളി വില കുതിച്ചുയര്‍ന്നതോടെ വിലപിടിച്ചു നിര്‍ത്താന്‍ ഒരുങ്ങി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം. തക്കാളി വില 100 കടന്ന സാഹചര്യത്തില്‍ ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും തക്കാളി സംഭരിച്ച് വിലകയറ്റം രൂക്ഷമായ മേഖലകളില്‍ കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യണമെന്ന് ദേശീയ കാര്‍ഷിക മാര്‍ക്കറ്റിങ് ഫെഡറേഷനും ഉപഭോക്തൃ ഫെഡറേഷനും നിര്‍ദ്ദേശം നല്കി. വെള്ളിയാഴ്ചയോടെ ഡല്‍ഹിയില്‍ കുറഞ്ഞ വിലയ്ക്ക് പുതിയ സ്റ്റോക്ക് തക്കാളി ലഭ്യമായേക്കുമെന്നും വകുപ്പ് അറിയിച്ചു.
ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും 180 രൂപയോളമാണ് തക്കാളിയുടെ വില. അതു കൊണ്ട് തന്നെ കേന്ദ്ര ഇടപെടല്‍ കമ്പോളത്തില്‍ ആവശ്യമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും കുറഞ്ഞ വിലയ്ക്ക് തക്കാളി നല്കുന്നതിനാവശ്യമായ സംവിധാനങ്ങളും വരും ദിവസങ്ങളില്‍ കേന്ദ്രം സ്വീകരിക്കും.
കഴിഞ്ഞ ഒരു മാസത്തിനിടെ തക്കാളിയുടെ ചില്ലറ വില ഏറ്റവും കൂടിയ മേഖലകളിലായിരിക്കും പുതിയ സ്റ്റോക്കുകളെത്തിക്കുക. ജൂലൈ- ഓഗസ്റ്റ്, ഒക്ടോബര്‍-നവംബര്‍, മാസങ്ങളിലാണ് തക്കാളി ഏറ്റവും കൂടുതല്‍ ഉത്പാദിക്കപ്പെടുന്നതെന്നും മണ്‍സൂണ്‍ ഉത്പാദനത്തെ ബാധിച്ചേക്കുമെന്നും ഇത് വില ഉയരാന്‍ കാരണമാകുമെന്നും മന്ത്രാലയം അറിയിച്ചു. നിലവില്‍ ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഡല്‍ഹിയിലേക്ക് ഹിമാചല്‍, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുമാണ് തക്കാളിയെത്തിക്കുന്നത്. നാസികില്‍ നിന്നും പുതിയ സ്റ്റോക് എത്തുന്നതോടെ വിപണിയില്‍ കുറഞ്ഞ വിലയില്‍ തക്കാളി വിതരണം ചെയ്യാനാകുമെന്ന് കരുതുന്നതായും മന്ത്രാലയം വ്യക്തമാക്കി.
മിക്ക സംസ്ഥാനങ്ങളിലും തക്കാളി ഉത്പാദിപ്പിക്കാറുണ്ടെങ്കിലും രാജ്യത്തെ വടക്കന്‍ മേഖലകളിലും പടിഞ്ഞാറന്‍ മേഖലകളിലുമാണ് കൂടുതല്‍ ഉത്പാദനം നടക്കുന്നതെന്നും ഇവിടെ അധികമായി ഉത്പാദിപ്പിക്കുന്ന തക്കാളിയാണ് ഇത്തരത്തില്‍ വിതരണം ചെയ്യുന്നതെന്നും ഉപഭോക്തൃകാര്യ മന്ത്രാലയം വ്യക്തമാക്കി.