ന്യൂഡല്‍ഹി: നഗരത്തില്‍ പ്രളയ മുന്നറിയിപ്പ് നല്കി ഡല്‍ഹി സര്‍ക്കാര്‍. യമുനാ നദിയിലേക്ക് ഹരിയാന ഹത്നികുണ്ഡ് അണക്കെട്ടില്‍ നിന്ന് ഒരു ലക്ഷം ക്യുസെക്സ് വെള്ളം തുറന്നു വിട്ടതിനു പിന്നാലെ പ്രളയ സാധ്യത മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയത്. ഞായറാഴ്ച വൈകിട്ടോടെയാണ് 1,05,453 ക്യുസെക്സ് വെള്ളം യമുനാനദിയിലേക്ക് ഒഴുക്കിയതെന്ന് ഡല്‍ഹി ജലസേചന-പ്രളയനിവാരണ വകുപ്പ് വ്യക്തമാക്കി.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്നായിരുന്നു അണക്കെട്ട് തുറന്നത്. സാധാരണനിലയില്‍ 352 ക്യുസെക്സ് വെള്ളമാണ് അണക്കെട്ടില്‍ നിന്ന് നദിയിലേക്ക് തുറന്നു വിടുന്നത്. അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജൂലായ് 11-ഓടെ യമുനാനദിയിലെ ജലനിരപ്പ് അപകട സൂചികയായ 205.33 മീറ്റര്‍ കടന്നേക്കുമെന്നാണ് സൂചന. നിലവില്‍ 203.18 മീറ്ററാണ് യമുനയിലെ ജലനിരപ്പ്. നദീതീരത്തുള്ളവരെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ ഒരു ദിവസം പെയ്യുന്ന ഏറ്റവും കൂടിയ മഴയാണ് ഞായറാഴ്ച ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. ശനിയാഴ്ച മുതല്‍ ഞായറാഴ്ച രാവിലെ എട്ടരവരെ 153 മില്ലിമീറ്റര്‍ മഴയാണ് ഡല്‍ഹിയില്‍ പെയ്തത്. 1982 ജൂലൈയ്ക്കുശേഷം പെയ്ത ഏറ്റവും ഉയര്‍ന്ന മഴയാണിത്. ഞായറാഴ്ച ഡല്‍ഹിയില്‍ 126 മില്ലിമീറ്റര്‍ മഴപെയ്തു. മണ്‍സൂണിലെ ആകെ മഴയുടെ 15 ശതമാനവും പെയ്തത് വെറും 12 മണിക്കൂറിനുള്ളിലാണ്.