KeralaNEWS

”കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബുദ്ധിമുട്ടിക്കുന്നത് എന്തിന്? ഈ കേസ് തലയില്‍നിന്നു പോയാല്‍ സന്തോഷം”

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയ കേസ് മാറ്റിവയ്ക്കണമെന്ന് ഇടയ്ക്കിടെ ആവശ്യപ്പെട്ട് തങ്ങളെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്ന് പരാതിക്കാരന്‍ ആര്‍.എസ്. ശശികുമാറിനോട് ലോകായുക്ത. കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ അപേക്ഷ നല്‍കിയിരുന്നു. കേസ് മാറ്റിവയ്ക്കണമെന്ന് ഇടയ്ക്കിടെ ആവശ്യപ്പെടാതെ ഹൈക്കോടതിയില്‍നിന്ന് സ്റ്റേ വാങ്ങാന്‍ ലോകായുക്ത പരാതിക്കാരനോട് പറഞ്ഞു. പല ദിവസങ്ങളിലായി ലോകായുക്ത ഫുള്‍ ബഞ്ച് ചേരുന്നു. ഈ കേസ് തലയില്‍നിന്നു പോയി കിട്ടിയാല്‍ അത്രയും സന്തോഷമെന്നും ലോകായുക്ത വാദത്തിനിടെ പറഞ്ഞു. കേസ് മാറ്റിയ്ക്കണമെന്ന് ഇടക്കിടെ ആവശ്യപ്പെടുന്നത് നല്ലതാണെന്നും മാധ്യമങ്ങളില്‍ വാര്‍ത്ത വരുമല്ലോയെന്നും ലോകായുക്ത ചോദിച്ചു. കേസ് പരിഗണിക്കുന്നത് ഈ മാസം 20ലേക്ക് മാറ്റി.

കേസിന്റെ സാധുത സംബന്ധിച്ച് ലോകായുക്തയുടെ മൂന്ന് അംഗ ബെഞ്ച് ഒരു വര്‍ഷം മുന്‍പ് കൈക്കൊണ്ട തീരുമാനം വീണ്ടും ഫുള്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട നടപടി ചോദ്യംചെയ്ത് ഹര്‍ജിക്കാരന്‍ ആര്‍.എസ്. ശശികുമാര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ തീര്‍പ്പാകാത്തതിനെ തുടര്‍ന്നാണ് കേസ് മാറ്റിവയ്ക്കാന്‍ ലോകായുക്തയ്ക്ക് അപേക്ഷ സമര്‍പ്പിച്ചത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് എന്നിവര്‍ അടങ്ങുന്ന ഫുള്‍ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. പത്തു ദിവസം കഴിഞ്ഞാണ് ഹൈക്കോടതി കേസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Signature-ad

എന്‍സിപി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയി ജോലിക്ക് പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കിയതിനെതിരെയാണ് ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പോലീസ് ഓഫിസറുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പുറമേ 20 ലക്ഷം രൂപ നല്‍കിയത് ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗമാണെന്നു ഹര്‍ജിക്കാരന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

Back to top button
error: