KeralaNEWS

വീട്ടുവളപ്പിലെ മരത്തില്‍നിന്ന് വിരിഞ്ഞിറങ്ങിയത് ഒന്‍പത് ചൂളന്‍ ഇരണ്ടക്കുഞ്ഞുങ്ങള്‍; ഫോറസ്റ്റിന് കൈമാറി ഷീലയും കുടുംബവും

തിരുവനന്തപുരം: ചിറയന്‍കീഴ് അവനവഞ്ചേരിയില്‍ വീട്ടുവളപ്പിലെ മരത്തില്‍ മുട്ടയിട്ട് വിരിഞ്ഞ കാട്ടുതാറാവ് ഇനത്തില്‍പ്പെട്ട ചൂളന്‍ ഇരണ്ടയെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഒന്‍പത് കുഞ്ഞുങ്ങളെയും തള്ളതാറാവിനെയുമാണ് പാലോട് നിന്നെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങിയത്. ആറ്റിങ്ങല്‍ അവനവഞ്ചേരി കരമേല്‍ വീട്ടില്‍ ഷീലയുടെ പറമ്പിലെ മരത്തിന് മുകളിലെ കൂട്ടിലാണ് ചൂളന്‍ ഇരണ്ട മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചത്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് പ്രദേശത്ത് അപൂര്‍വ ഇനത്തിലുള്ള ഈ രണ്ട് പക്ഷികളെ കണ്ടു തുടങ്ങിയത്. മരച്ചുവട്ടില്‍ മുട്ട കണ്ടതോടെയാണ് മരത്തിന് മുകളില്‍ തള്ളപ്പക്ഷി അടയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇന്നലെ രാവിലെയാണ് പൊത്തില്‍ നിന്ന് കുഞ്ഞുങ്ങള്‍ ഓരോന്നായി താഴേക്ക് പറന്നിറങ്ങാന്‍ ശ്രമിച്ചത്. പൂച്ചകള്‍ ഇവയെ പിടിക്കാന്‍ ശ്രമിച്ചതോടെ വീട്ടുകാര്‍ പക്ഷിക്കുഞ്ഞുങ്ങളെ സുരക്ഷിതമായി മാറ്റുകയായിരുന്നു. ഒപ്പം തള്ളപ്പക്ഷിയും വീട്ടുകാരുടെ സംരക്ഷണയിലായി.

Signature-ad

മരപ്പൊത്തുകളിലും, മറ്റു കിളികളുടെ പഴയകൂട്ടിലും 6 മുതല്‍ 12 മുട്ട വരെയിടുന്ന ചൂളന്‍ ഇരണ്ടകള്‍ കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലാണ് സാധാരണയായി കാണാറുള്ളത്. പറക്കുമ്പോള്‍ ഉള്ള ചൂളം വിളി കാരണമാണ് ഇവയ്ക്ക് ചൂളന്‍ ഇരണ്ട എന്ന പേര് കിട്ടിയത്. ഏറ്റുവാങ്ങിയ പക്ഷിക്കുഞ്ഞുങ്ങളെ ജലാശയത്തില്‍ തുറന്ന് വിടാനായിരുന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ആദ്യം തീരുമാനിച്ചിരുന്നത്. പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍ ഉള്ളതിനാല്‍ അവയെ വളര്‍ത്തി വലുതാക്കി തുറന്നുവിടുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Back to top button
error: