IndiaNEWS

അഴിമതിക്കേസില്‍ പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി അറസ്റ്റില്‍; പിടി വീഴുന്നത് അഞ്ചാമത്തെ കോണ്‍ഗ്രസ് മന്ത്രിക്ക്

അമൃത്സര്‍: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ പഞ്ചാബ് ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഒ.പി സോണി അറസ്റ്റില്‍. പഞ്ചാബ് വിജിലന്‍സ് ബ്യൂറോയാണ് സോണിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 2016 മുതല്‍ 2022 വരെയുള്ള കാലയളവിനിടയില്‍ സ്വത്ത് സമ്പാദിച്ചുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇന്ന് കോടതിയില്‍ ഹാജരാക്കും.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ഉത്തരവനുസരിച്ച് അഴിമതിക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിനിടെയാണ് സോണിയുടെ അറസ്റ്റ്. അഴിമതി നിരോധന നിയമത്തിലെ 13 (1) (ബി), 13 (2) എന്നീ വകുപ്പുകള്‍ പ്രകാരം അമൃത്സറിലെ വിജിലന്‍സ് ബ്യൂറോ പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഔദ്യോഗിക വക്താവ് അറിയിച്ചിട്ടുണ്ട്. 20222 ഒക്ടോബര്‍ 10നാണ് കേസില്‍ അന്വേഷണം ആരംഭിച്ചത്.

Signature-ad

പഞ്ചാബില്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന 2016 ഏപ്രില്‍ ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവിനുള്ളില്‍ സോണിയുടെയും കുടുംബത്തിന്റെയും വരുമാനം 4.52 കോടി രൂപയും അവരുടെ ചെലവ് 12.48 കോടി രൂപയുമാണ്. അതേസമയം, ഈ ചെലവ് നല്‍കിട്ടുള്ള വരുമാന ശ്രോതസുകളേക്കാള്‍ 176.08 ശതമാനം അധികമാണെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.

ഒപി സോണി ഈ കാലയളവിനുള്ളില്‍ ഭാര്യ സുമന്‍ സോണിയുടേയും മകന്‍ രാഘവ് സോണിയുടേയും പേരില്‍ വസ്തുക്കള്‍ വാങ്ങിയതായാണ് കണ്ടെത്തിയിരിക്കുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് വിജിലന്‍സ് വക്താവ് അറിയിച്ചിട്ടുണ്ട്.

നേരത്തെ സോണി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായിരുന്നു. തന്റെ സ്വത്തിന്റെ എല്ലാ വിശദാംശങ്ങളും നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. മുന്‍ ഉപമുഖ്യമന്ത്രി അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്ന് കാണിച്ച് വിജിലന്‍സിന് ലഭിച്ച പരാതിയുടെ അടിസ്ഥാനതത്തിലാണ് അന്വേഷണമുണ്ടായിരിക്കുന്നത്.

ഭരത് ഭൂഷണ്‍ ആഷു, സാധു സിംഗ് ധരംസോട്ട്, സുന്ദര്‍ ഷം അറോറ എന്നിവര്‍ക്ക് ശേഷം അഴിമതി കേസില്‍ വിജിലന്‍സ് ബ്യൂറോ അറസ്റ്റ് ചെയ്യുന്ന നാലാമത്തെ മുന്‍ കോണ്‍ഗ്രസ് മന്ത്രിയാണ് സോണി. കഴിഞ്ഞ മേയില്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍എ കുശാല്‍ദീപ് സിംഗ് ധില്ലനെ അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചരണ്‍ജിത് സിങ്ങ് ചന്നിയും അഴിമതി ആരോപണത്തിന്റെ പേരില്‍ വിജിലന്‍സിന് മുന്നില്‍ ഒന്നിലധികം തവണ ഹാജരായിരുന്നു.

 

Back to top button
error: