ആലപ്പുഴ: പൂച്ചാക്കലില്‍ 15 വയസുകാരന് പ്രൈമറി അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്കജ്വരം) രോഗം ബാധിച്ച് മരിച്ചതിന് പിന്നാലെ പ്രദേശത്ത് ഭീതി പടരുകയാണ്. പാണാവള്ളി സ്വദേശി ഗുരുദത്ത് ആണ് മരിച്ചത്. പൂച്ചാക്കല്‍ തോട്ടില്‍ കുളിച്ചതിനെ തുടര്‍ന്നാണ് രോഗം ബാധിച്ചത് എന്നാണ് നിഗമനം. ഈ സാഹചര്യത്തില്‍ ഗുരുദത്തിനൊപ്പം കുളിച്ച മൂന്ന് പേരെ ആരോഗ്യവകുപ്പ് നിരീക്ഷിച്ചുവരികയാണ്.
കുട്ടികള്‍ക്ക് ഇതുവരെ രോഗങ്ങളൊന്നും പിടിപെട്ടിട്ടില്ല. പ്രൈമറി അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് രോഗം (അമീബിക് മസ്തിഷ്കജ്വരം)പടരുന്ന രോഗമല്ലെന്നത് ആശ്വാസമായിട്ടുണ്ട്.
അതേസമയം, പൂച്ചാക്കല്‍ തോട് ഏറെ നാളായി മലിനമായി കിടക്കുകയാണ്. ഇതിന് പുറമേ സമീപ പ്രദേശങ്ങളിലുള്ള വീടുകളിലും വെള്ളക്കെട്ടുകളുണ്ട്. ശുചിമുറി മാലിന്യം പതിവായി തോട്ടില്‍ ഒഴുക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലര്‍ച്ചെ ടാങ്കറില്‍ എത്തിച്ച് ശുചിമുറി മാലിന്യം ഒഴുക്കുകയാണ്. പോലീസില്‍ അറിയിച്ചിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
ഇത് എലിപ്പനി ഉള്‍പ്പെടെയുളള രോഗങ്ങള്‍ക്ക് കാരണമാകും. ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാട്ടുകാര്‍ക്ക് വേണ്ടി ബോധവത്കരണ ക്ലാസുകള്‍ എടുക്കാനും തീരുമാനമായിട്ടുണ്ട്. അമീബിക് മസ്തിഷ്കജ്വരം മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക്് പടരുന്നതല്ല എന്ന് ജില്ലാ ഭരണകൂടമടക്കം വ്യക്തമാക്കിയിട്ടുണ്ട്.