Movie

അത്ഭുതാവഹമായ അഭിനയപാഠവം കൊണ്ട് മലയാളിയെ വിസ്മയിപ്പിച്ച ഉർവ്വശിയുടെ ‘ഭാര്യമാർ’

 

ഉർവ്വശിയുടെ നടന മികവ്

Signature-ad

ജിതേഷ് മംഗലത്ത്

എൺപതുകൾ മുതലുള്ള മലയാളസിനിമയിലെ നായികമാരെക്കുറിച്ചോർത്തു നോക്കൂ. ജലജ, സീമ, സുഹാസിനി, രേവതി, ശോഭന, ഉർവശി, പാർവ്വതി, കാർത്തിക, ലിസി, രഞ്ജിനി, സുചിത്ര, സുനിത, മാതു, ആനി, മഞ്ജു വാര്യർ, കാവ്യ, മീര ജാസ്മിൻ, നയൻതാര, നവ്യാനായർ തുടങ്ങി എത്രയെത്ര മുഖങ്ങൾ…! അവരിൽത്തന്നെ ഓൺ സ്ക്രീനിലെ പ്രഭാവം കൊണ്ടും, തനിയാർന്ന പ്രതിഭ കൊണ്ടും നമ്മെ വിസ്മയിപ്പിച്ചവരും ഉണ്ട്. എന്നിട്ടും ആ നിരയിലേക്ക് കണ്ണോടിക്കുമ്പോൾ ബഹുമുഖപ്രതിഭകൊണ്ടും ആറ്റിറ്റ്യൂഡു കൊണ്ടും മറ്റെല്ലാവരെയും ഒരു ചുവട് പിന്നിലാക്കുന്ന ഒരാളെ കാണാം… സാക്ഷാൽ ഉർവ്വശി…!

ഒരേസമയം നായികയുടെ ഗ്ലാമറസ് പ്രഭാവം പേറുമ്പോഴും അവർ തിരഞ്ഞെടുത്ത കഥാപാത്രങ്ങളുടെ ആഴവും, അവർ തിരഞ്ഞെടുക്കുന്ന വഴികളും അതിശയിപ്പിക്കുന്നതായിരുന്നു. ‘കഴക’വും, ‘നാരായ’വും പോലെ സിനിമയെ ഒറ്റയ്ക്ക് തോളിലേറ്റുന്ന പൊസിറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ച അതേ അഭിനേത്രി തന്നെയാണ് ‘തലയണമന്ത്രം’ പോലൊരു സിനിമയിലെ സോ-കോൾഡ് നെഗറ്റീവ് റോളിൽ കൂടെയുള്ള സകല അഭിനയപ്രതിഭകളെയും രണ്ടാമതാക്കുന്ന തരത്തിലുള്ള അത്യുജ്വലമായ പെർഫോമൻസ് നടത്തുന്നതും! ഓർക്കുക… അവർ ലളിതച്ചേച്ചിയെയോ, സുകുമാരിച്ചേച്ചിയേയോ പോലെ ഒരു കാരക്ടർ ആർട്ടിസ്റ്റല്ല; കല്പനയെ പോലെ ഒരു ഹ്യൂമർ ബാക്ക്ഡ് ആർട്ടിസ്റ്റുമല്ല. ഹിറ്റുകൾ നൽകിയില്ലെങ്കിലോ, സൂപ്പർസ്റ്റാറുകളുടെ നായികയായില്ലെങ്കിലോ, കളർഫുൾ ചിത്രങ്ങളുടെ ഭാഗമായില്ലെങ്കിലോ പ്രസക്തി നഷ്ടപ്പെടുന്ന, ഫേഡ് ഔട്ടാകേണ്ടി വരുന്ന നായികാസങ്കല്പങ്ങളുടെ ശ്രേണിയിൽ വരുന്ന ഒരു നായികതന്നെയായിരുന്നു ഉർവ്വശി. പക്ഷേ അവരീ ക്രൈറ്റീരിയകളെയൊന്നും തന്നെ വകവെച്ചിരുന്നില്ലെന്നു വേണം കരുതാൻ. മമ്മൂട്ടിക്കൊപ്പവും (ആയിരപ്പറ, ആവനാഴി) മോഹൻലാലിനൊപ്പവും(കളിപ്പാട്ടം, മിഥുനം) അഭിനയിക്കുന്ന അതേ ആറ്റിറ്റ്യൂഡോടെയാണ് അവർ ജഗദീഷിനൊപ്പവും (സ്ത്രീധനം, ഭാര്യ) ജഗതിക്കൊപ്പവും (തോവാളപ്പൂക്കൾ) ശ്രീനിവാസനൊപ്പവും (തലയണമന്ത്രം) ഒക്കെ അഭിനയിച്ചത്. തന്റെ പ്രൈം ടൈമിൽ നിൽക്കുമ്പോഴും ഫാന്റസി ഓറിയന്റഡ് സോങ് സീക്വൻസുകൾക്കായി അവർ വാശി പിടിച്ചിട്ടുമില്ല. ശോഭനയെപ്പോലൊരു അഭിനേത്രിയുടെ ഗ്രേസ് അടയാളപ്പെടുത്തുന്ന ഒട്ടനേകം ഗാനരംഗങ്ങളുള്ളതുപോലെ ഒരനുഭവം ഉർവ്വശിയുടെ മോളിവുഡ് കരിയറിൽ അധികമുണ്ടായിട്ടുണ്ടാവില്ല (‘ഒരുതരി വെളിച്ചം’ മറക്കുന്നില്ല). ഒരു നരച്ച സാരിയും, വട്ടപ്പൊട്ടും, പിന്നെ മാത്രകൾ കൊണ്ട് മാറിമറിയുന്ന ട്രാൻസിഷനുകൾ കൊണ്ട് അത്ഭുതം വിരിയിക്കുന്ന ആ മുഖവും കൊണ്ട് അവർ പക്ഷേ ഗാനരംഗങ്ങളെ അവിസ്മരണീയമാക്കുന്നത് എങ്ങനെയെന്നതിന് ‘തലയണമന്ത്ര’ത്തിലെ ‘മായപ്പൊന്മാനേ’ ഒരു ക്ലാസിക്കൽ ഉദാഹരണമാണ്.

സമകാലീന നായികമാരിൽ നിന്നും ഉർവ്വശിയെ വേർതിരിച്ചു നിർത്തിയിരുന്ന മറ്റൊരു ഘടകം സ്ക്രീൻ ഏജിനെ അപ് ചെയ്യാൻ അവർക്കില്ലാത്ത വൈമുഖ്യമായിരുന്നു. ടിപ്പിക്കൽ ഇന്റൻസ് ഇമോഷണൽ ഡ്രാമകളുടെ ഫ്ലേവറിലല്ലാത്ത സിനിമകളിലും ഭാര്യാവേഷമണിയാൻ ഉർവ്വശിക്കൊരു മടിയുമുണ്ടായിരുന്നില്ല. ഒരുദാഹരണം പറഞ്ഞാൽ ശോഭന പപ്പയുടെ സ്വന്തം അപ്പൂസിൽ ഭാര്യാവേഷമണിയുമ്പോൾ കൃത്യമായും അവരുടെ ഗ്രേസിനെ ടാപ് ഇൻ ചെയ്യാനുള്ള ഫാന്റസി എലമെന്റ്സ് അവിടെ പ്ലേസ് ചെയ്യപ്പെടുന്നുണ്ട്. അതേ സമയം ഉർവ്വശി അഭിനയിച്ചിട്ടുള്ള ഭാര്യാകഥാപാത്രങ്ങൾ ഒട്ടുമിക്കതും നിത്യജീവിതത്തിൽ നിന്നും പറിച്ചെടുത്തു വെച്ചതുപോലെയുള്ളവ ആയിരുന്നു. പ്രണയത്തിലുണ്ടാവുന്ന ഫാന്റസിയുടെ ഉജ്വലമായ വികാസം ‘പൊന്മുട്ടയിടുന്ന താറാവി’ലെ സ്നേഹലതയിൽ കാണാം. രണ്ട് എക്സ്ട്രീമുകളെ അങ്ങേയറ്റം കൺവിൻസിങ്ങായി അവതരിപ്പിക്കാൻ ഉർവ്വശിക്കൊരു പ്രത്യേക വിരുതു തന്നെയുണ്ടായിരുന്നു. 1993ലും 1994ലുമായി മലയാള മനോരമ ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച രണ്ട് ജനപ്രിയനോവലുകൾ ചലച്ചിത്രരൂപത്തിൽ എത്തിയപ്പോൾ രണ്ടിലും നായികാവേഷമവതരിപ്പിച്ചത് ഉർവ്വശിയാണ്. ‘സ്ത്രീധന’ത്തിൽ നായികാപരിവേഷമാണ് അവർക്കെങ്കിൽ ‘ഭാര്യ’യിലെത്തുമ്പോൾ അത് പ്രതിനായികയ്ക്കു സമമാണ്.

തലേ വർഷത്തെ സിനിമയിലെ സർവ്വംസഹയായ നായികയുടെ ഇമേജും, അതു നൽകിയ മൈലേജുമൊന്നും ‘ഭാര്യ’ കമ്മിറ്റ് ചെയ്യാൻ ഉർവ്വശിയ്ക്ക് പ്രതിബന്ധമായിട്ടുണ്ടാവില്ല. മറ്റൊരു നായികനടിയേയും സങ്കല്പിക്കാൻ പോലുമാകാത്ത വിധം വിദ്യയേയും, ശൈലജയേയും അവതരിപ്പിക്കാൻ അവർക്കായിട്ടുമുണ്ട്.

‘കടിഞ്ഞൂൽ കല്യാണ’ത്തിലെ ഹൃദയകുമാരി ഉർവ്വശിക്കു മാത്രം സാധ്യമാകുന്ന ഒരു കഥാപാത്രമാണ്. ഒരേ സമയം അവർ സഹതാപവും, ഹാസ്യവും ജനിപ്പിക്കുന്നുണ്ട്. പെട്ടി തുറക്കുന്ന രംഗത്തെ പ്രകടനം ആദ്യകാഴ്ചയിൽ പൊട്ടിച്ചിരിപ്പിക്കുമെങ്കിൽ പിന്നീടുള്ള കാഴ്ച്ചകളിൽ അത് അനുതാപവും തോന്നിപ്പിക്കുന്നു. നായകകഥാപാത്രത്തിനും, കഥയുടെ പൊതുവെയുള്ള പോക്കിനും അലോസരങ്ങളും, തലവേദനകളും സൃഷ്ടിക്കുന്ന ഭാര്യാ കഥാപാത്രങ്ങൾ ഉർവശിയുടെ കരിയറിൽ മാത്രമേ ഒരുപക്ഷേ കണ്ടെത്താനാവൂ. അത്രയേറെ നെഗറ്റീവ് ഷേഡുകൾ തിരക്കഥാകൃത്തുക്കൾ കുത്തിനിറയ്ക്കുമ്പോഴും തന്റെ കഥാപാത്രങ്ങൾക്ക് യുക്തിയുടെ ഒരു
പശ്ചാത്തലം ഉണ്ടാക്കാനും,പ്രേക്ഷകനാൽ ആ കഥാപാത്രത്തെ ഒന്നുകൂടി സഹാനുഭൂതിയോടെ നോക്കിക്കാണാൻ പ്രേരിപ്പിക്കാനും അവർക്കു കഴിയാറുണ്ട്. ‘പൊന്മുട്ടയിടുന്ന താറാവ്’, ‘തലയണമന്ത്രം’, ‘സ്നേഹ സാഗരം’ എന്നീ ചിത്രങ്ങളിലെ ഉർവ്വശിയുടെ കഥാപാത്രങ്ങൾ ആ തോന്നലിനെ ഊട്ടിയുറപ്പിക്കുന്നു.

ഒരേ സമയം സ്വന്തമായ ഒരു ഫാന്റസി ലോകം സൃഷ്ടിച്ച് അവിടെ നിന്ന് ‘കളിപ്പാട്ട’മായി ഭർത്താവിനെ വാങ്ങുന്നവളാണ് ‘കളിപ്പാട്ട’ത്തിലെ സരോജം. സൂക്ഷ്മമായ ശരീരചലനങ്ങളും,കൃത്യമായി പാകപ്പെടുത്തിയ വോയ്സ് മോഡുലേഷനുമായി ഉർവശിയിവിടെ അരങ്ങു തകർക്കുന്നുണ്ട്. ‘കളിപ്പാട്ടം’ കാണുമ്പോഴൊക്കെ, കത്തിജ്ജ്വലിച്ചു നിൽക്കുന്ന വെയിൽ മാഞ്ഞ് നിഴൽ വീഴുന്ന തേയിലത്തോട്ടങ്ങളെ ഓർമ്മ വരും. സരോജത്തിന്റെ മായാലോകത്തിന്റെ സുന്ദരമായ ചുവരുകൾ ഭേദിച്ച് യാഥാർത്ഥ്യത്തിന്റെ ഇരുളിമ പടരുന്നതുകൊണ്ടാവാം അത്. ‘മണിച്ചിത്രത്താഴ്’ എന്ന സൂപ്പർ ഹിറ്റിനു മുമ്പിൽ ഇടറി വീണ ഒരു പാവം ചിത്രം കൂടിയായിരുന്നു കളിപ്പാട്ടം. മിഥുനത്തിലെ സുലോചനയും ടിപ്പിക്കൽ ഭാര്യാ ഫോർമാറ്റിലെഴുതപ്പെട്ടിട്ടും അവതരിപ്പിച്ച അഭിനേത്രിയുടെ അന്യാദൃശമായ അഭിനയപാടവം കൊണ്ട് ശ്രദ്ധേയമായ കഥാപാത്രമാണ്.
സുലോചനയ്ക്ക് ‘തെറ്റ്’ ബോധ്യമാകുന്നുവെന്ന കൺക്ലൂഷനിൽ പ്രിയനും, ശ്രീനിയും ചേർന്ന് സിനിമ അവസാനിപ്പിക്കുന്നുണ്ടെങ്കിലും സുലുവിന്റേതായിരുന്നോ/സുലുവിന്റേതു മാത്രമായിരുന്നോ എന്ന് പ്രേക്ഷകൻ ഇരുത്തിച്ചിന്തിച്ചുവെങ്കിൽ അതിന്റെ ക്രെഡിറ്റ് മുഴുവൻ ഉർവ്വശിക്കുള്ളതാണ്. ഏറ്റവും ഒടുവിൽ ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലെ ചെറിയൊരു കഥാപാത്രമായി- അതും ഭാര്യ, അമ്മ എന്നീ റോളുകളിൽ- വരുമ്പോഴും ഉർവ്വശിയിലെ അത്യപൂർവ്വമായ പെർഫോമർ അരങ്ങു കീഴടക്കുന്നതു കാണാം. ഭർത്താവിനെക്കുറിച്ച് മകന്റെ കാമുകിയോട് സംസാരിക്കുന്ന സീൻ തന്നെ ഏറ്റവും മികച്ച ഉദാഹരണം.

Back to top button
error: