IndiaNEWS

ചന്ദ്രയാന്‍ വിക്ഷേപണ തീയതി നീട്ടി; റോക്കറ്റ് വിക്ഷേപണത്തറയിലേയ്ക്ക് മാറ്റിത്തുടങ്ങി

തിരുവനന്തപുരം: ഐഎസ്ആര്‍ഒയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം ഒരു ദിവസം വൈകും. ജൂലായ് 13ന് വിക്ഷേപിക്കാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. ജൂലായ് 14ന് വിക്ഷേപിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. വിക്ഷേപണത്തിന് മുന്നോടിയായി റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിലേയ്ക്ക് മാറ്റിത്തുടങ്ങി.

14ന് ഉച്ചയ്ക്ക് 2.30നാണ് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്ന് ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിക്കുക. ഇതിനായുള്ള റോക്കറ്റ് തയ്യാറായി. ചന്ദ്രയാന്‍ മൂന്നിനെ റോക്കറ്റുമായി കൂട്ടിച്ചേര്‍ത്തു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് ആണ് ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ ലക്ഷ്യം. പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, ലാന്‍ഡര്‍, റോവര്‍ എന്നിവ അടങ്ങുന്നതാണ് ദൗത്യം. ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. അതിനാല്‍ മൂന്നാം ദൗത്യത്തില്‍ ഓര്‍ബിറ്ററില്‍ കാര്യമായ പരീക്ഷണ ഉപകരണങ്ങള്‍ ഇല്ല. ലാന്‍ഡറിനെ ചാന്ദ്ര ഭ്രമണപഥത്തില്‍ എത്തിക്കുകയാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിന്റെ ലക്ഷ്യം.

Signature-ad

കഴിഞ്ഞ തവണത്തെ പരാജയത്തില്‍ നിന്ന് പഠിച്ച വിലപ്പെട്ട പാഠങ്ങളാണ് ഐഎസ്ആര്‍ഒയുടെ ഇത്തവണത്തെ മൂലധനം. ലാന്‍ഡറിന്റെ ഘടന മുതല്‍ ഇറങ്ങല്‍ രീതി വരെ വീണ്ടും വീണ്ടും പരിശോധിച്ച് പരിഷ്‌കരിച്ച് മാറ്റങ്ങള്‍ വരുത്തിയാണ് ഈ രണ്ടാം ശ്രമം. ചന്ദ്രയാന്‍ രണ്ടിന്റേതിന് സമാനമായ യാത്രാ പഥമാണ് ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള യാത്രക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഭൂമിയില്‍ നിന്ന് പുറപ്പെട്ട് 40 ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും ലാന്‍ഡിംഗ് ശ്രമം. ചന്ദ്രനില്‍ ഒതുങ്ങുന്നതല്ല ഈ വര്‍ഷത്തെ ഐഎസ്ആര്‍ഒയുടെ സ്വപ്നങ്ങള്‍. സൂര്യനെ പഠിക്കാനുള്ള ആദിത്യ എല്‍ ഒന്ന് ദൗത്യം ഓഗസ്റ്റില്‍ വിക്ഷേപിക്കും. ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായ ക്രൂ എസ്‌കേപ്പ് സിസ്റ്റം പരീക്ഷണവും ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

 

Back to top button
error: