ഡെറാഡൂണ്‍: കഴിഞ്ഞദിവസം കേദാര്‍നാഥ് ക്ഷേത്ര പരിസരത്ത നടന്ന പ്രണയാഭ്യര്‍ത്ഥനയുടെ ദൃശ്യങ്ങള്‍ രൂക്ഷവിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയതിന് പിന്നാലെ കര്‍ശന നടപടിയുമായി ഉത്തരാഖണ്ഡ് പോലീസ്. ദൃശ്യങ്ങളില്‍ ബദ്രി-കേദാര്‍നാഥ് ക്ഷേത്രകമ്മിറ്റി കടുത്ത നിലപാട് സ്വീകരിച്ചിരുന്നു.
കേദാര്‍നാഥ് ക്ഷേത്രത്തിനുള്ളില്‍ ദൃശ്യങ്ങളും റീലുകളും ചിത്രീകരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
ക്ഷേത്രപരിസരത്ത് വീഡിയോകള്‍ ചിത്രീകരിക്കുന്നവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കമ്മിറ്റി പോലീസിന് കത്ത് നല്‍കിയിരുന്നു. ഇത്തരം വീഡിയോകള്‍ ക്ഷേത്രത്തിന്റെ മതപരമായ പവിത്രതയെ പ്രതികൂലമായി ബാധിക്കുമെന്നും ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുമെന്നും കമ്മിറ്റി പരാതിപ്പെട്ടു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയ വീഡിയോയെക്കുറിച്ച് പരാതിയില്‍ പരാമര്‍ശിച്ചില്ല.
കേദാര്‍നാഥ് ക്ഷേത്രത്തില്‍ കാമുകനുമൊത്ത് നടക്കുകയായിരുന്ന യുട്യൂബറായ യുവതി പെട്ടെന്ന് മുട്ടുക്കുത്തി നിന്ന് പ്രണയാഭ്യര്‍ത്ഥന നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ചുറ്റുമുള്ളവര്‍ അത്ഭുതത്തോടെ നോക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ജൂണ്‍ 30ന് നടന്ന ദൃശ്യങ്ങളുടെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ അനേകം പേര്‍ ഇവരുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ചിരുന്നു.