KeralaNEWS

എന്‍ട്രന്‍സ് എഴുതാത്തവര്‍ക്കും എന്‍ജിനീയറിങ് പ്രവേശനം; വേണ്ടത് പ്ലസ് ടുവിന് 45 ശതമാനം മാര്‍ക്ക് മാത്രം, ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം; ഒഴിവുണ്ടാവുന്ന എന്‍ജിനീയറിങ് സീറ്റുകളില്‍ എന്‍ട്രന്‍സ് എഴുതാത്തവര്‍ക്കും പ്രവേശനത്തിന് സര്‍ക്കാര്‍ ഉത്തരവ്. സര്‍ക്കാര്‍ നിയന്ത്രിത, സ്വകാര്യ സ്വാശ്രയ മേഖലയിലുള്ള സംസ്ഥാനത്തെ 130 എന്‍ജിനീയറിങ് കോളജുകളില്‍ എന്‍ട്രന്‍സ് കമ്മിഷണറുടെ അലോട്ട്‌മെന്റിനുശേഷം ഒഴിവുണ്ടാവുന്ന സീറ്റുകളിലാണ് പ്രവേശനം. പ്ലസ് ടുവിന് 45 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് പ്രവേശനം ലഭിക്കും.

പഠിക്കാന്‍ കുട്ടികളില്ലാത്തതിനാല്‍ സ്വാശ്രയ മാനേജ്‌മെന്റുകളുടെ ആവശ്യം പരിഗണിച്ചാണ് ഇളവ് നല്‍കിയത്. ഇതുപ്രകാരം എന്‍ട്രന്‍സ് കമ്മിഷണര്‍ പ്രോസ്‌പെക്ടസ് ഭേദഗതി ചെയ്യും. എന്‍ആര്‍ഐ ക്വോട്ടയിലൊഴികെ എന്‍ട്രന്‍സ് യോഗ്യത നേടാത്തവര്‍ക്ക് പ്രവേശനം ലഭിക്കുമായിരുന്നില്ല.

Signature-ad

പ്ലസ്ടു മാര്‍ക്കും എന്‍ട്രന്‍സ് പരീക്ഷയിലെ സ്‌കോറും തുല്യമായി പരിഗണിച്ചാണ് എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക്പട്ടിക തയ്യാറാക്കുന്നത്. 480 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകളിലോരോന്നിലും 10മാര്‍ക്കെങ്കിലും കിട്ടിയാലേ റാങ്ക്പട്ടികയിലുള്‍പ്പെടൂ. ഇതുപോലും ലഭിക്കാത്തവര്‍ക്കും, എന്‍ട്രന്‍സ് പരീക്ഷയെഴുതാത്തവര്‍ക്കും ഇനി പ്രവേശനം കിട്ടും. ഈ വിദ്യാര്‍ത്ഥികളുടെ പട്ടിക സാങ്കേതിക സര്‍വകലാശാല അംഗീകരിക്കണം.

ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടുവിന് 45 ശതമാനം മാര്‍ക്കോടെ വിജയമാണ് പ്രവേശനത്തിനുള്ള എഐസിടിഇ മാനദണ്ഡം. സാങ്കേതിക സര്‍വകലാശാലയില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയ്ക്ക് 45 ശതമാനം വീതം മാര്‍ക്കും മൂന്നും കൂടി ചേര്‍ന്ന് 50 ശതമാനം മാര്‍ക്കും വേണം. സര്‍ക്കാര്‍ ഉത്തരവില്‍ എഐസിടിഇ മാനദണ്ഡപ്രകാരം പ്രവേശനം അനുവദിച്ചതിനാല്‍ പ്ലസ്ടു മാര്‍ക്കിന്റെ യോഗ്യതയിലും ഇളവായിട്ടുണ്ട്.

Back to top button
error: