CrimeNEWS

കിലോയ്ക്ക് വില 120; തോട്ടത്തില്‍നിന്ന് കടത്തിയത് ഒന്നരലക്ഷത്തിന്റെ തക്കാളി

ബംഗളൂരു: തക്കാളി വില കുതിച്ചുയരുന്നതിനിടെ കര്‍ണാടക ഹാസനിലെ തോട്ടത്തില്‍ നിന്ന് ഒന്നരലക്ഷത്തോളം രൂപ വിലമതിക്കുന്ന തക്കാളി മോഷണം പോയി. ബേലൂര്‍ താലൂക്കില്‍പ്പെടുന്ന സോമനഹള്ളിയിലെ തോട്ടത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നതെന്ന് പോലീസ് പറഞ്ഞു.

തോട്ടം ഉടമ ധരണി കഴിഞ്ഞദിവസം തോട്ടത്തിലെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. തക്കാളികള്‍ രണ്ട് ദിവസത്തിനുള്ളില്‍ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍. എന്നാല്‍, ബുധനാഴ്ച രാവിലെ തോട്ടത്തിലെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. തക്കാളിച്ചെടികള്‍ ഭൂരിഭാഗവും ഒടിഞ്ഞനിലയിലായിരുന്നു. വിളഞ്ഞ തക്കാളി തിരഞ്ഞുപിടിച്ച് പറിച്ചെടുത്താണ് കള്ളന്മാര്‍ കടന്നത്.

Signature-ad

ധരണിയുടെ പരാതിയില്‍ ഹലേബീഡു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഏകദേശം 50-60 ചാക്കുകളുമായി ഫാമില്‍ കയറിയ മോഷ്ടാക്കള്‍ ഒന്നരലക്ഷം വിലവരുന്ന തക്കാളികള്‍ ഇതില്‍ നിറച്ച് കടന്നുകളയുകയായിരുന്നെന്നാണ് പരാതി. സമീപപ്രദേശങ്ങളിലെയും ടോള്‍ബൂത്തുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരുകയാണ്.

തോട്ടത്തെക്കുറിച്ചും സമീപപ്രദേശത്തെക്കുറിച്ചും അറിയുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ബംഗളൂരുവില്‍ തക്കാളി വില കുതിച്ചുയരുകയാണ്. കിലോയ്ക്ക് 100 മുതല്‍ 120 വരെ രൂപയായിരുന്നു ഇന്നലെ ബെഗളൂരുവില്‍ തക്കാളിയുടെ വില. കര്‍ണാടകയിലെ ചില ഭാഗങ്ങളില്‍ മഴ ലഭിക്കാത്തതും രാസവളങ്ങളുടെ ഉയര്‍ന്ന വിലയുമാണ് തക്കാളി വില കുതിച്ചുയരാന്‍ കാരണം.

Back to top button
error: