കോട്ടയം: ആഗോള സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിൽ മലങ്കരയിൽ സ്ഥാപിക്കുന്ന മോണാസ്ട്രി കോട്ടയത്ത് നിർമാണം ആരംഭിച്ചു. ആഗോള സുറിയാനി സഭാ അധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ പരമാധികാരിയായിരിക്കുന്ന അന്തോണിയോസ് ഈവാഞ്ചലിക്കൽ മിഷൻ (എ.ഇ.എം) ട്രസ്റ്റിന്റെ കീഴിലാണ് മോർ അന്തോണിയോസ് മോണാസ്ട്രി നിർമ്മിക്കുന്നത്. ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ തിരുവഞ്ചൂരിന് സമീപം നിർമാണ ആരംഭിച്ചിരിക്കുന്ന മോർ അന്തോണിയോസ് മോണാസ്ട്രിയുടെ മാർട്ടിയേഴ്സ് ചാപ്പലിന്റെ കൂദാശ ഫെബ്രുവരിൽ മലങ്കര സന്ദർശന വേളയിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവ നിർവഹിക്കുമെന്ന് തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രം ഡയറക്ടറും അന്തോണിയോസ് മോണാസ്ട്രിയുടെ ആത്മീയ ഗുരുവുമായ സഖറിയാസ് മോർ പീലക്സീനോസ് അറിയിച്ചു.
സിറിയയിലും ഇറാഖിലുമായി ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ രക്തസാക്ഷികളായിത്തീർന്ന പുരോഹിതന്മാരുടെയും സഭാ മക്കളുടെയും സിറിയയിൽനിന്ന് തട്ടിക്കൊണ്ടുപോയ ആലപ്പോയിലെ ആർച്ച് ബിഷപ്പ് ഗ്രിഗോറിയോസ് യോഹന്നാ ഇബ്രാഹിമിന്റെ പാവനസ്മരണയ്ക്കായും അന്ത്യോഖ്യ മലങ്കര ബന്ധത്തിന്റെ ചരിത്ര സ്മാരകമായിട്ടുമാണ് മൊണാസ്ട്രിയിൽ മാർട്ടിയേഴ്സ് ചാപ്പൽ സ്ഥാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കനാൻ സീനിയർ സിറ്റിസൺ ഹോമിന്റെ ശിലാസ്ഥാപനവും രോഗി പരിചരണത്തിന് പരിശീലനം നൽകുന്ന എ.ഇ.എം. സ്കൂൾ ഓഫ് സ്കിൽസ്, കുട്ടികൾക്കായുള്ള എ.ഇ.എം. സ്കൂൾ ഓഫ് കിഡ്സ്, എ.ഇ.എം. തമിഴ് മിനിസ്ട്രി എന്നിവയുടെ ഔദ്യോഗികമായ ഉദ്ഘാടനവും പരിശുദ്ധ ബാവ നിർവഹിക്കും. പുണ്യ ശ്ലോകനായ ഡോ.ഗീവർഗീസ് മാർ ഗ്രിഗോറിയോസ് (പെരുമ്പള്ളി തിരുമേനി) തിരുമേനിയുടെ 25-ാമത് ശ്രാദ്ധപെരുന്നാളിനോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ പാവന സ്മരണ നിലനിർത്തുന്നതിനായി തൂത്തൂട്ടി മാർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിൽ സ്മാരകം നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലങ്കര യാക്കോബായ സുറിയാനി സഭയിൽ സുറിയാനി വിശ്വാസവും പാരമ്പര്യവും സംരക്ഷിക്കുന്നതിന് വേണ്ടി ആരംഭിച്ചിരിക്കുന്ന പ്രസ്ഥാനമാണ് മോർ അന്തോണിയോസ് മോണാസ്ട്രിയെന്ന് മിഥിയാന്റെയും ജറുസലേമിന്റെയും പാത്രിയർക്കൽ വികാറും അന്തോണിയോസ് ദയറാധിപനുമായ മാത്യൂസ് മോർ തീമോത്തിയോസ് പറഞ്ഞു. പുരാതന സുറിയാനി സഭയുടെ എല്ലാ പാരമ്പര്യങ്ങളും കാത്തുസൂക്ഷിച്ചുകൊണ്ടുള്ള പ്രാർത്ഥനകളും പ്രവർത്തനങ്ങളും ആയിരിക്കും മൊണാസ്ട്രിയിൽ പിൻതുടരുന്നതെന്നും സുറിയാനി ഭാഷാപഠനം, സുറിയാനി സഭയുടെ ദൈവശാസ്ത്രം, ആരാധനകൾ എന്നിവ ഇവിടെ പരിശീലിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.